ഉദ്യോഗസ്ഥന് എതിരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതിന് പിന്നാലെയുള്ള സെൽഫിയും ആന്‍ഡ്രൂ യുവതിക്ക് വിശ്വാസ്യത ഉറപ്പിക്കാനായി അയച്ച് നൽകിയിരുന്നു
വാഷിംഗ്ടണ്‍: ക്യാപിറ്റോൾ കലാപത്തിലെ പ്രതികളിലൊരാൾ ഡേറ്റിംഗ് ആപ്പിന്റെ സഹായത്തോടെ പിടിയിലായി. ഡൊണാൾഡ് ട്രംപ് അനുകൂലികളിലൊരാളായ ആന്‍ഡ്രൂ താകേയാണ് ഡേറ്റിംഗ് ആപ്പിന്റെ സഹായത്തോടെ നടന്ന സ്റ്റിംഗ് ഓപ്പറേഷന്റെ പശ്ചാത്തലത്തിൽ പിടിയിലായത്. ക്യാപിറ്റോൾ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ആയുധം ഉപയോഗിക്കുകയും ചെയ്തതിനാണ് 35കാരനായ ആന്‍ഡ്രൂ പിടിയിലായിട്ടുള്ളത്. ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ സ്പ്രേ ഉപയോഗിക്കുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തെന്നാണ് ഡേറ്റിംഗ് ആപ്പിലെ പങ്കാളിയോട് ആൻഡ്രൂ വിശദമാക്കിയത്.
ഇതിന് പിന്നാലെ പങ്കാളിയുടെ പ്രേരണ മൂലമാണ് ഇയാൾ പൊലീസിന് മുന്‍പിലെത്തി കീഴടങ്ങിയത്. കലാപത്തിന് പിന്നാലെ പ്രതികളെ കണ്ടെത്താനും തിരിച്ചറിയാനും പൊതുജനങ്ങളുടെ സഹായം എഫ്ബിഐ തേടിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് ആന്‍ഡ്രൂവിനെ ഡേറ്റിംഗ് ആപ്പിലൂടെ യുവതി കുരുക്കിയത്. ആന്‍ഡ്രൂവിന്റെ അറസ്റ്റിൽ മുഖ്യ സാക്ഷിയാണ് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി. ട്രംപ് അനുകൂലികളുടെ പ്രതികരണം ഭയന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എഫ്ബിഐ പ്രതികളെ കണ്ടെത്താന്‍ സഹായം തേടിയത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവരെ പിടികൂടേണ്ടത് തന്റെ പൌരധർമ്മത്തിന്റെ ഭാഗമാണ് എന്ന തോന്നലിലാണ് ഇത്തരമൊരു ഭ്രാന്തന്‍ ആശയം പ്രയോഗിച്ചതെന്നാണ് യുവതി കോടതിയിൽ വിശദമാക്കുന്നത്.
undefined
ബംബ്ലിൾ ഡേറ്റിംഗ് ആപ്പിലെ പ്രൊഫൈലിലെ രാഷ്ട്രീയ ആഭിമുഖ്യം വരെ തിരുത്തിയ ശേഷമാണ് യുവതി ട്രംപ് അനുകൂലികളും ക്യാപിറ്റോൾ ആക്രമത്തിലെ പ്രതികളുമായവരെ തേടിയിരങ്ങിയത്. ആന്‍ഡ്രൂവിനെ കണ്ടെത്തിയതിന് പിന്നാലെ ട്രംപ് അനുകൂലമായി ചെയ്ത വീരഗാഥകൾ പറയാനായി നിരന്തരമായ ചാറ്റുകളിലൂടെ പ്രേരിപ്പിക്കുകയായിരുന്നു യുവതി ചെയ്തത്. ചെറിയ രീതിയിലെ പ്രോൽസാഹനത്തിൽ തന്നെ ആന്‍ഡ്രൂ നിരവധി വിവരങ്ങൾ വിശദീകരിച്ചതായും യുവതി കോടതിയിൽ വ്യക്തമാക്കി. ലഭ്യമായ വിവരങ്ങൾ യുവതി എഫ്ബിഐയ്ക്ക് കൈമാറുകയായിരുന്നു. പന്ത്രണ്ടിലധികം ട്രംപ് അനുയായികളുമായി ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടതിന് ശേഷമായിരുന്നു യുവതി ആന്‍ഡ്രൂവിനെ കണ്ടെത്തിയത്. ഉദ്യോഗസ്ഥന് എതിരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതിന് പിന്നാലെയുള്ള സെൽഫിയും ആന്‍ഡ്രൂ യുവതിക്ക് വിശ്വാസ്യത ഉറപ്പിക്കാനായി അയച്ച് നൽകിയിരുന്നു. ഇത് കേസിന് ഏറെ സഹായകരമായെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഇയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ നിരവധി തോക്കുകളാണ് പൊലീസ് കണ്ടെത്തിയത്. കാർ വാഷ് സംരംഭത്തിന്റെ ഉടമയാണ് ആന്‍ഡ്രൂ. നിരവധി കോടതികളിൽ വേറെ കേസുകളിലും ഇയാൾ പ്രതിയാണ്. കുറ്റസമ്മതം നടത്തിയ ഇയാള്‍ക്കുള്ള ശിക്ഷ മാർച്ച് 26നാണ് പ്രഖ്യാപിക്കുക. അമേരിക്കൻ പാർലമെന്‍റ് മന്ദിരമായ ക്യാപിറ്റോൾ ഹിൽസിലെ ഏറ്റുമുട്ടലിൽ സ്ത്രീയടക്കം നാല് പേർ കൊല്ലപ്പെട്ടിരുന്നു. ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ 2021 ജനുവരി ആറാം തീയതിയാണ് ആയിരക്കണക്കിന് ട്രംപ് അനുകൂലികൾ വാഷിങ്ടണിലെ യുഎസ് ക്യാപിറ്റോൾ ഹിൽസിലെ മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറിയത്. ഇവർ ക്യാപിറ്റോൾ മന്ദിരത്തിൽ അഴിഞ്ഞാടുകയായിരുന്നു. സ്പീക്കർ നാൻസി പെലോസിയുടെ കസേരയിലടക്കം കയറിയിരുന്നു. സെനറ്റിലേക്ക് കയറാൻ ശ്രമിച്ചവർക്ക് നേരെ ഗാർഡുകൾ തോക്ക് ചൂണ്ടി, വെടിവെപ്പുണ്ടായി. മൂന്ന് മണിക്കൂറിന് ശേഷമാണ് യുഎസ് ഹൗസ് ഗാർഡ്സിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും അക്രമികളെ മന്ദിരത്തിൽ നിന്ന് ഒഴിപ്പിക്കാൻ സാധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം