ബസിലെ സോക്കറ്റിൽ നിന്നും ഫോൺ ചാർജ്ജ് ചെയ്യാനുള്ള ശ്രമത്തിനിടെ 18കാരന് ദാരുണാന്ത്യം
ക്വാലാലംപൂർ: ബസിൽ ഫോൺ ചാർജ്ജ് ചെയ്ത 18കാരൻ ഷോക്കേറ്റ് മരിച്ചു. മലേഷ്യയിലെ പെനാംഗിലെ ബട്ടർവർത്തിലാണ് സംഭവം. പെനാംഗിലെ സെൻട്രൽ ബസ് ടെർമിനലിൽ നിന്ന് ക്വാലാലംപൂരിലേക്കുള്ള എക്സ്പ്രസ് ബസിലാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് അസിസ്റ്റന്റ് കമ്മീഷ്ണർ അൻവർ അബ്ദുൾ റഹ്മാൻ മാധ്യമങ്ങളോട് വിശദമാക്കിയത്. ബസിലുണ്ടായിരുന്ന സോക്കറ്റ് ഉപയോഗിച്ച് ഫോൺ ചാർജ്ജ് ചെയ്യാൻ ശ്രമിച്ച 18കാരൻ ഷോക്കേറ്റ് വീഴുകയായിരുന്നു. ബസ് പുറപ്പെടാൻ തുടങ്ങുമ്പോഴായിരുന്നു സംഭവം.
ഫോൺ ചാർജിന് വച്ച ശേഷം കയ്യിൽ ഫോൺ വച്ച് നിൽക്കുകയായിരുന്ന 18കാരൻ നിലവിളിച്ചതോടെയാണ് സംഭവം ബസിലെ സഹയാത്രികർ ശ്രദ്ധിക്കുന്നത്. ഇടത് കയ്യിലും വിരലുകളിലും ഗുരുതരമായ പൊള്ളൽ 18കാരന് സംഭവിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ചാർജ് ചെയ്യാൻ ഉപയോഗിച്ച കേബിൾ ഉരുകിയ നിലയിലാണ് ഉള്ളത്. വായിൽ നിന്നും നുരയും പതയും വരുന്ന നിലയിലായിരുന്നു 18കാരനുണ്ടായിരുന്നത്. ബസ് ജീവനക്കാർ ഉടൻ തന്നെ വിവരം അവശ്യ സേനയെ അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ അവശ്യ സേനാംഗങ്ങളാണ് 18കാരന്റെ മരണം സ്ഥിരീകരിച്ചത്. മരണ കാരണം സ്ഥിരീകരിക്കാൻ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കിയിട്ടുണ്ട്. 18കാരന്റെ ബന്ധുക്കളേയും പൊലീസ് ഇതിനോടകം അപകടം വിവരം അറിയിച്ചിട്ടുണ്ട്.
undefined
സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയമിക്കുമെന്നാണ് മലേഷ്യൻ ഗതാഗത മന്ത്രി ആന്തണി ലോക് വിശദമാക്കിയിട്ടുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം