സെനറ്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ലൈംഗിക പീഡനക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത 'ദൈവപുത്രൻ'

By Web TeamFirst Published Oct 10, 2024, 1:56 PM IST
Highlights

ഫിലിപ്പീൻസിലെ സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമം മനുഷ്യക്കടത്ത് എന്നിവ അടക്കമുള്ള കേസുകളിൽ ജയിലിലായ സ്വയം പ്രഖ്യാപിത ദൈവപുത്രൻ അപ്പോളോ ക്വിബ്ലോയി.

മനില: ഫിലിപ്പീൻസ് സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വയം പ്രഖ്യാപിത ദൈവപുത്രനും. ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുമ്പോഴാണ് ദൈവപുത്രനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫിലിപ്പീൻസ് പാസ്റ്റർ അപ്പോളോ ക്വിബ്ലോയി സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. അമേരിക്കയിലേക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികത്തൊഴിലാളികളാക്കി കയറ്റി അയച്ച കേസിൽ അമേരിക്കയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൂടിയാണ് ഇയാൾ. മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേർട്ടിന്റെ അനുയായി കൂടിയാണ് സ്വയം പ്രഖ്യാപിത ദൈവപുത്രനായ ഇയാൾ. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമം മനുഷ്യക്കടത്ത് എന്നിവ അടക്കമുള്ള കേസുകളിലാണ് 74കാരനായ ഇയാൾ ജയിലിലായത്. സ്ഥാനാർത്ഥിയായുള്ള അപേക്ഷ അഭിഭാഷകർ മുഖേനയാണ് ഇയാൾ നടത്തുന്നത്. രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭാഗമാകണം എന്നാണ് ജയിലിൽ നിന്നുള്ള സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അപ്പോളോ ക്വിബ്ലോയി പ്രതികരിക്കുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദൈവകേന്ദ്രീകൃതമായ നിയമങ്ങൾ മുന്നോട്ട് വയ്ക്കുന്നതിനും ഫിലിപ്പീൻസുകാർക്ക് വേണ്ടിയുള്ള ഫിലിപ്പീൻസുകാരനായുമാണ് താൻ മത്സരിക്കുന്നതെന്നും ഇയാൾ വിശദമാക്കുന്നത്. 

Latest Videos

2021ലാണ് അമേരിക്കയിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്. എന്നാൽ ഇയാളെ പ്രതിരോധിച്ച് പ്രതിഷേധിച്ച ഇരകളാക്കപ്പെട്ടവർ തങ്ങളുടെ രാത്രി ജോലി മാത്രമാണ് ചെയ്തതെന്നായിരുന്നു വിശദമാക്കിയിരുന്നത്. 'കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്' സ്ഥാപകനായ അപ്പോളോ ക്വിബ്ലോയി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, മനുഷ്യക്കടത്ത് തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് അപ്പോളോ ക്വിബ്ലോയി. സിനിമയെ വെല്ലുന്ന രീതിയിൽ അതിസാഹസികമായാണ് അപ്പോളോ ക്വിബ്ലോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയിലേറെ നീണ്ട പൊലീസ് നീക്കത്തിനൊടുവിലാണ് ദാവോയിൽ നിന്ന് അപ്പോളോ പിടിയിലായത്. ഫിലിപ്പീൻസിൽ വൻ ജനപിന്തുണയുള്ള പാസ്റ്ററാണ് അപ്പോളോ ക്വിബ്ലോയി. 

ദൈവ പുത്രൻ എന്നാണ് ഇയാൾ സ്വയം അവകാശപ്പെട്ടിരുന്നത്. അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട ക്രിമിനലാണ് അപ്പോളോ ക്വിബ്ലോയി. 12 മുതൽ 25 വരെ പ്രായമുള്ള പെൺകുട്ടികളെ കടത്തിക്കൊണ്ടു പോകുകയും ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നു എന്നാണ് അമേരിക്കയിൽ അപ്പോളോയ്ക്ക് എതിരെയുള്ള കേസ്. അപ്പോളോ ക്വിബ്ലോയി പെൺകുട്ടികളെ തന്റെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കുകയും പിന്നീട് ഇവരെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അപ്പോളോ ക്വിബ്ലോയി സ്ഥാപിച്ച കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റിന്  6-7 ദശലക്ഷം അനുയായികളുണ്ടെന്നാണ് റിപ്പോർട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!