അത്യാഡംബര വാഹന പ്രേമിയായ കിമ്മിന് പുടിന്‍റെ സ്നേഹസമ്മാനം; കിടിലൻ ഓറസ് കാർ കൈമാറി

By Web TeamFirst Published Feb 20, 2024, 1:15 PM IST
Highlights

സെപ്റ്റംബറിൽ കിമ്മും പുടിനും കണ്ടുമുട്ടിയതിനുശേഷം റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി

മോസ്കോ:  ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ സ്നേഹസമ്മാനം. വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കാന്‍ ഒരു കാർ ആണ് പുടിൻ കിമ്മിന് സമ്മാനമായി നല്‍കിയത്. ഓറസ് കാറാണ് സമ്മാനിച്ചതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് റഷ്യയുടെ ആർഐഎ സ്റ്റേറ്റ് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

റഷ്യൻ നിർമ്മിത കാർ ഫെബ്രുവരി 18 ന് കിമ്മിന്‍റെ സഹായികൾക്ക് കൈമാറിയതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) അറിയിച്ചു. കിമ്മിന്‍റെ സഹോദരി പുടിന് നന്ദി പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള ആഴത്തിലുള്ള വ്യക്തിബന്ധത്തിന്‍റെ തെളിവാണ് ഈ സമ്മാനമെന്ന് കെസിഎന്‍എ റിപ്പോർട്ട് ചെയ്തു.  

Latest Videos

എന്നാൽ റഷ്യയിൽ നിന്ന് കാർ എങ്ങനെ കയറ്റി അയച്ചെന്ന് കെസിഎന്‍എയുടെ റിപ്പോർട്ടിൽ പറയുന്നില്ല. യുഎൻ സുരക്ഷാ കൗൺസിൽ ഉത്തര കൊറിയയിലേക്കുള്ള കയറ്റുമതി നിരോധിച്ചിരിക്കുന്ന വസ്തുക്കളിൽ ആഡംബര കാറുകളുമുണ്ട്. ഓട്ടോ മൊബൈൽ പ്രേമി കൂടിയാണ് കിം. ആഡംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരം അദ്ദേഹത്തിനുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. 

സെപ്റ്റംബറിൽ കിമ്മും പുടിനും കണ്ടുമുട്ടിയതിനുശേഷം റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായിട്ടുണ്ട്. പ്രത്യേക ട്രെയിനിലാണ് കിം റഷ്യയിലെത്തിയത്. യുക്രെയിന്‍ യുദ്ധത്തിനു ശേഷം റഷ്യയും  ആണവായുധ ശേഖരണത്തിലൂടെ ഉത്തര കൊറിയയും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടതോടെ എല്ലാ മേഖലകളിലും പരസ്പരം സഹകരണം ശക്തമാക്കാൻ ഇരു രാജ്യങ്ങളും തീരുമാനമെടുത്തു. 

യുക്രെയ്നെതിരായ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് പീരങ്കികളും റോക്കറ്റുകളും ബാലിസ്റ്റിക് മിസൈലുകളും ഉത്തര കൊറിയ റഷ്യയ്ക്ക് നൽകിയതായി റിപ്പോർട്ടുണ്ട്. ഇക്കാര്യം റഷ്യ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. അതേസമയം റഷ്യയിലേക്കുള്ള ആയുധ കയറ്റുമതി ആരോപണം ഉത്തര കൊറിയ നിഷേധിച്ചു. ഉത്തര കൊറിയയിലെ ഭരണപക്ഷ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം റഷ്യാ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയിരുന്നു. വിവരസാങ്കേതികവിദ്യ, മത്സ്യബന്ധനം, കായികം തുടങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!