താൻ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് ആണെന്നും ചൗവിനിൽ നിന്ന് ഒരു ജീവനാംശവും തനിക്ക് വേണ്ടെന്നും കെല്ലി ഹർജിയിൽ പറയുന്നുണ്ട്.
മിനിയാപോളിസ് : അമേരിക്കയിലെ മിനിയാപോളിസിൽ പൊലീസ് ഓഫീസറായ ഡെറിക്ക് ചൗവിൻ, ജോർജ് ഫ്ലോയിഡ് എന്ന ഒരു കറുത്തവർഗക്കാരനെ ഒരു കള്ളനോട്ടുകേസിൽ സംശയിച്ച് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊന്നതിനെതിരെയുള്ള പ്രതിഷേധങ്ങളിൽ അമേരിക്ക കത്തിയെരിയുന്ന ദിവസങ്ങളാണിത്. ഈ സംഭവത്തിന് ശേഷം ചൗവിനിൽ നിന്ന് വിവാഹമോചനം വേണമെന്ന ആവശ്യവുമായി ഹർജി നൽകിയിരിക്കുകയാണ് അയാളുടെ ഭാര്യയായ ലാവോസ് സ്വദേശി കെല്ലി ചൗവിൻ. ഓഫീസർ ചൗവിന്റെ മേൽ കൊലക്കുറ്റം ചുമത്തപ്പെടുന്നതിന്റെ തലേന്നാണ് അയാളുമായി വേർപിരിയാനുളള തീരുമാനം കെല്ലി കൈക്കൊള്ളുന്നത്.
ലാവോസിൽ നിന്ന് അമേരിക്കൻ മണ്ണിലെത്തിയ കെല്ലിയും കുടുംബവും അഭയാർത്ഥി ക്യാമ്പിൽ നിന്ന് ഒളിച്ചോടി വന്നാണ് വിസ്‌കോൺസിനിൽ സ്ഥിരതാമസമാക്കുന്നത്. കെല്ലി ചൗവിനെ വിവാഹം കഴിക്കും മുമ്പ് മറ്റൊരു വിവാഹബന്ധത്തിൽ ഏർപ്പെട്ട് അതിൽ വിവാഹമോചനം നേടിയിട്ടുണ്ട്. ആ ബന്ധത്തിൽ രണ്ടു കുഞ്ഞുങ്ങളും കെല്ലിക്കുണ്ട്. അതിനു ശേഷം പ്രദേശത്തെ ഒരു മെഡിക്കൽ സെന്ററിൽ ജോലി നോക്കുമ്പോൾ, ഒരു പ്രതിയുടെ മെഡിക്കൽ ചെക്കപ്പിന് വന്നെത്തിയ ചൗവിൻ കെല്ലിയുമായി പ്രേമബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. 2010 -ലായിരുന്നു അവരുടെ വിവാഹം. വിവാഹ ശേഷം റിയൽ എസ്റ്റേറ്റ് രംഗത്ത് ഡീലർ ആയി പ്രവർത്തിച്ചു പോരുകയാണ് കെല്ലി.
undefined
തങ്ങളുടെ ഓക്ക്ഡെയ്ൽ, മിന്നസോട്ട, വിൻഡെർമിയർ, ഫ്ലോറിഡ എന്നിവിടങ്ങളിലുള്ള വീടുകളിൽ തനിക്കുമാത്രമാണ് അവകാശമെന്നും കെല്ലി വിവാഹമോചന ഹർജിയിൽ പറയുന്നു. ജോയിന്റ് അക്കൗണ്ടുകളിൽ ഉള്ള പണവും, വാങ്ങിയ കാറുകളും തുല്യമായി പങ്കിടണമെന്നും അവർ ആവശ്യപ്പെടുന്നു. തന്റെ പേരിന്റെ കൂടെയുള്ള 'ചൗവിൻ' എന്ന ഭർതൃനാമം മാറ്റിക്കിട്ടണം എന്ന ആവശ്യവും ഹർജിയിലുണ്ട്. താൻ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് ആണെന്നും ചൗവിനിൽ നിന്ന് ഒരു ജീവനാംശവും തനിക്ക് വേണ്ടെന്നും കെല്ലി ഹർജിയിൽ പറയുന്നുണ്ട്.
2018 -ൽ മിസിസ് മിന്നസോട്ട സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള കെല്ലി സമൂഹത്തിൽ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങിയിട്ടുണ്ട്. കെല്ലിക്ക് ഫ്ലോയിഡിന്റെ അസ്വാഭാവിക മരണത്തിൽ അഗാധമായ ദുഃഖമുണ്ട് എന്നും ബന്ധുക്കളെ തന്റെ കക്ഷി അനുശോചനങ്ങൾ അറിയിക്കുന്നു എന്നും കെല്ലിയുടെ അഭിഭാഷകൻ തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.