ഡയാന രാജകുമാരി ഉപയോഗിച്ച വസ്ത്രങ്ങളില്‍ ഏറ്റവും കൂടിയ വിലക്ക് ലേലത്തില്‍പോയ വസ്ത്രമായി ബ്ലാക്ക് ഷീപ് സ്വറ്റര്‍.ലേലം വിളി 44 റൗണ്ട് പിന്നിട്ടപ്പോഴേക്കും പ്രതീക്ഷിച്ച തുകയുടെ 14 ഇരട്ടിയിലെത്തി
ന്യൂയോര്‍ക്ക്: ഡയാന രാജകുമാരിയുടെ പ്രശസ്തമായ 'ബ്ലാക്ക് ഷീപ്' സ്വറ്റര്‍ ലേലത്തില്‍പോയത് റെക്കോഡ് തുകക്ക്. ഏകദേശം 65 ലക്ഷം രൂപ (ഇന്ത്യന്‍ റൂപ്പി) അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന ബ്ലാക്ക് ഷീപ്പ് സ്വറ്റര്‍ ഒമ്പതു കോടിക്ക് മുകളിലുള്ള റെക്കോഡ് തുകക്കാണ് ലേലത്തില്‍ പോയത്. 1.1 മില്യണ്‍ ഡോളര്‍ തുകക്കാണ് (ഏകദേശം 9,13,99,385.00 ഇന്ത്യന്‍ റൂപ്പി) ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന ബ്ലാക്ക് ഷീപ് സ്വറ്റര്‍ ലേലത്തില്‍ പോയതെന്നാണ് 'സോത്ത്ബീസ്' എന്ന ആര്‍ട്ട് കമ്പനി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. ഇതോടെ ഡയാന രാജകുമാരി ഉപയോഗിച്ച വസ്ത്രങ്ങളില്‍ ഏറ്റവും കൂടിയ വിലക്ക് ലേലത്തില്‍പോയ വസ്ത്രമായി ബ്ലാക്ക് ഷീപ് സ്വറ്റര്‍. പ്രമുഖരായ വ്യക്തിത്വങ്ങള്‍ ഉപയോഗിച്ചിരുന്ന വസ്ത്രവും കണ്ണടയും പേനയും ചെരുപ്പും അടക്കമുള്ള സാധനങ്ങള്‍ ലേലത്തിന് വച്ച് വലിയ വിലയ്ക്ക് വില്‍പന നടത്താറുണ്ട്. എന്നാല്‍, ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റര്‍ കോടികള്‍ നല്‍കി സ്വന്തമാക്കിയത് ആരാണെന്ന് ലേലം നടത്തിയ സോത്ത്ബീസ് ആര്‍ട്ട് കമ്പനി അറിയിച്ചിട്ടില്ല.
ന്യൂയോര്‍ക്കില്‍ നടന്ന 'സോത്ത്ബീസ് ഫാഷൻ ഐക്കണ്‍സ് ലേല'ത്തിലാണ് ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്ററിന്‍റെ ലേലം നടന്നത്. ലേലം വിളി 44 റൗണ്ട് പിന്നിട്ടപ്പോഴേക്കും പ്രതീക്ഷിച്ച തുകയുടെ 14 ഇരട്ടിയിലെത്തി. തുടര്‍ന്ന് 15 മിനുട്ട് മാത്രം നീണ്ടുനിന്ന വാശിയേറിയ ലേലം വിളിക്കൊടുവിലാണ് സ്വറ്ററിന്‍റെ തുക 1.57 കോടി രൂപയില്‍നിന്ന് ഒമ്പതുകോടിക്ക് മുകളിലെത്തി, റെക്കോഡ് തുകയില്‍ ലേലം ഉറപ്പിച്ചത്. ഡയാന രാജകുമാരിയുടെ പ്രിയപ്പെട്ട സ്വറ്ററിന് പുതിയ അവകാശികളെ ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നാണ് സ്വറ്ററിന്‍റെ ഡിസൈനേഴ്സായ ജോവാന സാലി മ്യൂര്‍- ജൊവാന്ന ഒസ്ബോണ്‍ അഭിപ്രായപ്പെട്ടത്. ലേലത്തിലൂടെ ഏറ്റവും കൂടിയ വിലക്ക് വില്‍ക്കപ്പെടുന്ന സ്വറ്ററെന്ന ലോക റെക്കോഡും ബ്ലാക്ക് ഷീപ് സ്വറ്റര്‍ സ്വന്തമാക്കി. അമേരിക്കന്‍ സംഗീതജ്ഞനും സംഗീത ബാന്‍ഡായ നിര്‍വാണയുടെ മുന്‍നിര ഗായകനും ഗിത്താറിസ്റ്റുമായിരുന്ന കുര്‍ട്ട് കൊബെയിന്‍റെ പച്ച സ്വറ്ററാണ് ഇതിനുമുമ്പ് ഏറ്റവും കൂടിയ വിലക്ക് ലേലത്തില്‍ പോയത്. 2019ല്‍ നടന്ന ലേലത്തിലൂടെ ഏകദേശം 2 കോടി 77 ലക്ഷം രൂപക്ക് വിറ്റത്.
undefined
'ഞങ്ങള്‍ പഴയ ചില വിശിഷ്ടമായ ഡിസൈനുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. ഇതിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റര്‍ ഞങ്ങളുടെ കൈവശമെത്തിച്ചേരുന്നത്. 1981ല്‍ പോളോ മത്സരത്തിന് എത്തിയപ്പോഴാണ് ഡയാന രാജകുമാരി ആദ്യമായി ഈ സ്വറ്റര്‍ അണിഞ്ഞത്. സാലി മ്യൂര്‍, ജൊവാന്ന ഒസ്ബോണ്‍ എന്നീ ഡിസൈനേഴ്സാണ് ഈ സ്വറ്റര്‍ ഡിസൈൻ ചെയ്തത്...' -എന്നായിരുന്നു ലേലത്തിന് മുമ്പായി സോത്ത്ബീസ് അറിയിച്ചിരുന്നത്.
: Frenzied bidding pushed Princess Diana's historic black sheep Warm & Wonderful sweater to sell at $1.1 million today in our inaugural Fashion Icons auction at . pic.twitter.com/zyUYfuuS3Q
— Sotheby's (@Sothebys)ചുവന്ന സ്വറ്ററിന് ബ്ലാക്ക് ഷീപ് എന്ന പേര് എങ്ങനെ വന്നു?
റെക്കോഡ് തുകക്ക് ലേലത്തില്‍പോയ 'ബ്ലാക്ക് ഷീപ്' സ്വറ്ററിന് പിന്നിലൊരു കഥയുണ്ടെന്നാണ് പറയപ്പെടുന്നത്. ചുവന്ന സ്വറ്ററായിട്ടും ബ്ലാക്ക് ഷീപ് എന്നാണ് വിശേഷിപ്പിക്കുന്നത്. ചുവപ്പ് നിറത്തിനുള്ളില്‍ വെളുത്തനിറത്തിലുള്ള ആട്ടിന്‍കുട്ടികളാണ് സ്വറ്ററിലുള്ളത്. എന്നാല്‍, ഇതിനിടയില്‍ ഒരേയൊരു കറുത്ത ആട്ടിന്‍കുട്ടിയെയും കാണാം. കൂട്ടം തെറ്റിയ ആട്ടിന്‍കുട്ടിയെന്ന വിശേഷിപ്പിക്കുന്നതുപോലെ ഒരു കൂട്ടത്തിനകത്ത് നിന്ന് ഒറ്റപ്പെട്ടുപോയ ആട്ടിൻകുട്ടിയെ ആണ് ഇത് സൂചിപ്പിക്കുന്നത്. ഡയാന രാജകുമാരി തന്നെത്തന്നെ രാജകുടുംബത്തില്‍ നിന്ന് അടര്‍ത്തി മറ്റൊരു സ്വത്വത്തില്‍ രേഖപ്പെടുത്താൻ ശ്രമിച്ചതാണ് ഈ ഡിസൈനിലൂടെ എന്നാണ് പറയപ്പെടുന്നത്. പൊതുവെ രാജകുടുംബാംഗങ്ങളുടെ പെരുമാറ്റത്തില്‍ നിന്നും രീതികളില്‍ നിന്നുമെല്ലാം വ്യത്യസ്തയായിരുന്നു ഡയാന രാജകുമാരി. വസ്ത്രങ്ങള്‍ തന്നെ അന്നത്തെ കാലത്തെ രാജകുടുംബാംഗങ്ങള്‍ ധരിക്കുന്നത് പോലെയുള്ളതായിരുന്നില്ല ഇവര്‍ ധരിച്ചിരുന്നത്. ഇത്തരത്തില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളായിരുന്നു ഡയാന രാജകുമാരിക്ക് ഉണ്ടായിരുന്നത്. ഈ വ്യക്തിത്വത്തിന്‍റെ ഒരു പ്രതിഫലനമെന്ന രീതിയില്‍ കാണാവുന്നൊരു വസ്ത്രമാണ് ഇപ്പോള്‍ റെക്കോഡ് തുകക്ക് ലേലത്തില്‍ പോയിരിക്കുന്നത്.