മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ വംശജർ കാനഡയിലുണ്ട്. ഇന്ത്യയ്ക്ക് മേൽ ഉപരോധം ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തിയാൽ ഇന്ത്യൻ വംശജരെ ബാധിക്കുമെന്ന ആശങ്കയുണ്ട്
ഖാലിസ്ഥാനി ഭീകരൻ ഹർദിപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് ഉദ്യോഗസ്ഥരെയും പ്രതികളാക്കാനുള്ള കാനഡയുടെ നീക്കം വീണ്ടുമൊരു നയതന്ത്ര യുദ്ധത്തിലേക്ക് കടക്കുകയാണ്. മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ വംശജർ കാനഡയിലുണ്ട്. ഇന്ത്യയ്ക്ക് മേൽ ഉപരോധം ഉൾപ്പെടെ ഏർപ്പെടുത്തിയാൽ ഇന്ത്യൻ വംശജരെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
നിജ്ജറിന്റെ കൊലപാതകം
undefined
ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹർദിപ് സിങ് നിജ്ജർ 2023 ജൂൺ 18നാണ് കാനഡയിൽ വെടിയേറ്റ് മരിക്കുന്നത്. ഇതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെയാണ് ഉഭയകക്ഷി ബന്ധം വഷളാകാൻ തുടങ്ങിയത്. ഇന്ത്യൻ ഹൈക്കമ്മീഷണറടക്കം ആറ് ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടിക്ക് പിന്നാലെ കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കി. ജസ്റ്റിൻ ട്രൂഡോ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇന്ത്യയ്ക്കെതിരെ വിഘടനവാദത്തിനും ആക്രമണത്തിനുമുള്ള പിന്തുണ തുടർന്നാൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഇന്ത്യ നൽകി. എന്നാൽ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പങ്കുവച്ച തെളിവുകൾ ഇന്ത്യ നിഷേധിക്കുന്നെന്നും കാനഡയും ആരോപിക്കുന്നു. എന്തായാലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയാണ്.
വിള്ളൽ പൊഖ്റാൻ മുതൽ
കേവലം ഖാലിസ്ഥാനി പ്രശ്‌നം മാത്രമായിരുന്നില്ല ഉലച്ചിന് കാരണം. ഇതിന് വർഷങ്ങളുടെ ചരിത്രമുണ്ട്. കൃത്യമായി പറഞ്ഞാൽ ജസ്റ്റിൻ ട്രൂഡോയുടെ അച്ഛൻ പിയറി ട്രൂഡോയുടെ ഭരണകാലം മുതൽ. 1971ലാണ് പിയറി ട്രൂഡോ ഇന്ത്യ സന്ദർശിക്കുന്നത്. ശേഷം യുഎസും കാനഡയും ചേർന്ന് ഇന്ത്യയുടെ ആണവോർജ്ജ പദ്ധതിയിൽ സഹകരിക്കാൻ ധാരണയായി. ഇത് സമാധാന ആവശ്യങ്ങൾക്ക് വേണ്ടിയാണെന്നും എന്നെങ്കിലും ഇന്ത്യ ആണവ പരീക്ഷണം നടത്തിയാൽ ആണവ സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അന്ന് പിയറി ട്രൂഡോ പറഞ്ഞു. കൃത്യം മൂന്ന് വർഷം കഴിഞ്ഞപ്പോൾ, അതായത് 1974ൽ പ്ലൂട്ടോണിയം ഉപയോഗിച്ച് ഇന്ത്യ പൊഖ്‌റാനിൽ ആദ്യത്തെ ആണവ പരീക്ഷണം നടത്തി. ഇന്ത്യൻ നീക്കത്തിനെതിരെ പിയറി രംഗത്തെത്തുകയും നയതന്ത്രബന്ധത്തെ ബാധിക്കുകയും ചെയ്തു. സമാധാനപരമായ പരീക്ഷണമാണെന്നും കാനഡയുമായുള്ള കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. പക്ഷേ അത് അംഗീകരിക്കാൻ പിയറി തയ്യാറായിരുന്നില്ല.ആണവോർജ്ജ പദ്ധതിക്കുള്ള എല്ലാ പിന്തുണയും പിൻവലിക്കുകയും കനേഡിയൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ചെയ്തു. ആണവ ബന്ധങ്ങളിലെ ഈ വിള്ളൽ ഇല്ലാതാക്കാൻ 2010ൽ ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കാനഡ സന്ദർശനം വേണ്ടിവന്നു.
തിരിച്ചടിയായ ഖാലിസ്ഥാൻ ബന്ധം
ഖാലിസ്ഥാനികൾക്കെതിരെ പ്രവർത്തിക്കാൻ പിയറി ട്രൂഡോ വിസമ്മതിച്ചത് ഇന്ത്യ-കനേഡിയൻ ബന്ധത്തിന് കനത്ത തിരിച്ചടിയായി. പഞ്ചാബിൽ ശക്തി പ്രാപിച്ചുവന്ന ഖാലിസ്ഥാൻ വാദത്തിന് 1980കളിൽ കാനഡയിൽ സ്വീകാര്യത കിട്ടി. പഞ്ചാബിൽ നിന്ന് കാനഡയിൽ അഭയാർത്ഥി പദവിയിൽ ചേക്കേറിയ സിഖുകാർ നിരവധിയാണ്. അതിൽ ഒരാളാണ് തൽവീന്ദർ സിംഗ് പർമർ .1981ൽ പഞ്ചാബിൽ രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയ ശേഷം അയാൾ കാനഡയിലേക്ക് രക്ഷപ്പെട്ടു. പാർമറെ കൈമാറണമെന്ന ഇന്ത്യയുടെ അഭ്യർഥന പിയറി ട്രൂഡോ നിരസിച്ചു.
കനിഷ്ക വിമാന ദുരന്തം
ഖാലിസ്ഥാനി ഭീകരർ വിമാനത്തിൽ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകൾ പിയറി അവഗണിച്ചു. 1985 ജൂൺ 23ന് ടൊറന്റോയിൽ നിന്ന് യുകെയിലെ ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ 182 വിമാനം ഐറിഷ് തീരത്തിന് സമീപം അറ്റ്‌ലാൻഡിക് സമുദ്രത്തിന് മുകളിൽ വച്ച് പൊട്ടിത്തെറിച്ചു. 268 കനേഡിയൻ പൌരൻമാരും 22 ഇന്ത്യക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 329 പേരും മരിച്ചു. ഈ ആക്രമണം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണ്. പിയറി ട്രൂഡോ സംരക്ഷിച്ച പാർമർ ആയിരുന്നു കനിഷ്‌ക ബോംബാക്രമണത്തിന്റെ സൂത്രധാരൻ. ബോംബാക്രമണത്തിന് അറസ്റ്റിലായവരിൽ ഒരാളൊഴികെ എല്ലാവരെയും വെറുതെവിട്ടു. ഇന്ദർജിത് സിംഗ് റിയാത്തിന് 15 വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. സ്ഫോടനത്തിന് ശേഷം പാർമർ ഇന്ത്യയിലെത്തി. 1992ൽ പഞ്ചാബ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
പരാജയപ്പെട്ട പദ്ധതി
കനിഷ്ക ദുരന്തമുണ്ടായ അന്നേ ദിവസം തന്നെ ടോക്യോ - മുംബൈ വിമാനം തകർക്കാൻ ഭീകരർ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടു. ലഗേജുകൾ വിമാനത്തിലേക്ക് എത്തുന്നതിന് മുൻപ് സ്ഫോടനമുണ്ടായത് വൻ ദുരന്തം ഒഴിവാക്കി. പക്ഷേ ലഗേജുകൾ കൈകാര്യം ചെയ്ത രണ്ട് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടു.
നിലനിൽക്കാനുള്ള കഷ്ടപ്പാട്
ഒരു വർഷം കഴിഞ്ഞാൽ കാനഡ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് കടക്കും. നിലവിലെ സർക്കാരിന്റെ പരാജയം ഏകദേശം ഉറപ്പിച്ച പോലെയാണ്. പൊതുവേദികളിൽ ഇന്ത്യയ്ക്കെതിരെ ട്രൂഡോ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നേട്ടമെന്ന് ഇന്ത്യ പറയുന്നതും
ഇനിയെന്ത്?
ഏതാനും ദിവസങ്ങളായി കനേഡിയൻ സർക്കാരിന്റെ പല നടപടികളും ഇന്ത്യയ്ക്ക് സ്വീകാര്യമായിരുന്നില്ല. നിജ്ജറിന്റെ ഒന്നാം ചരമവാർഷികത്തിൽ കനേഡിയൻ പാർലമെന്റ് അംഗങ്ങൾ മൌനം ആചരിച്ചപ്പോൾ കനിഷ്ക ദുരന്തം ഓർമിപ്പിക്കേണ്ടി വന്നു ഇന്ത്യയ്ക്ക്. മറ്റ് ആശങ്കകളും ഇതിനോടൊപ്പം കൂട്ടിച്ചേർക്കാനുണ്ട്.കുടിയേറ്റം, യാത്ര, വീസ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ജി–20 ഉച്ചകോടിക്കിടെയുണ്ടായ അലോസരങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും ഹൈക്കമ്മീഷനുകളിലെ നാൽപതോളം പേരെ പിൻവലിച്ചിരുന്നു. ശേഷം വീസ നടപടികൾ മന്ദഗതിയിലായി. ലാവോസിലെ ഇന്ത്യ - ആസിയാൻ ഉച്ചകോടിക്ക് ശേഷവും ബന്ധം വഷളാകുന്നതിന്റെ സൂചനകൾ കാണാമായിരുന്നു. ഇന്ത്യയ്ക്ക് മേൽ ഉപരോധം ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തിയാൽ ഇന്ത്യൻ വംശജരെ അത് ബാധിക്കുമെന്ന ആശങ്കയിലാണ് രാജ്യം.