ഒരേസമയം ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ, ഇരുവിമാനത്തിലുമായി 317 യാത്രക്കാർ, വീഴ്ച പുറത്ത്, ഒഴിവായത് വൻ ദുരന്തം

By Web TeamFirst Published Oct 10, 2024, 6:57 PM IST
Highlights

ക്ലിയറൻസ് ലഭിക്കും മുൻപ് റൺവേയിലേക്ക് യാത്രാവിമാനം മുന്നിൽ മറ്റൊരു റൺവേയിലേക്കുള്ള വിമാനവും. തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്.

വാഷിംഗ്ടൺ: ടേക്ക് ഓഫ് ചെയ്യാനായി രണ്ട് വിമാനങ്ങൾക്ക് ഒരേ സമയം ഒരേ റൺവേയിലേക്കെത്തി. നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ വിമാനത്തിന്റെ പൈലറ്റിന്റെ ഇടപെടലിൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. പൈലറ്റിന്റെ മനസാന്നിധ്യത്തേ തുടർന്ന് 317 യാത്രക്കാരാണ് വലിയ ദുരന്തത്തെ അതിജീവിച്ചത്. ഒരേ സമയം ഒരേ റൺവേയിൽ ടേക്ക് ഓഫിനായി രണ്ട് വിമാനങ്ങൾ എത്തിയതിൽ വാഷിംഗ്ടണിൽ നടന്ന അന്വേഷണത്തിലാണ് പൈലറ്റിന്റെ വീഴ്ച പുറത്ത് വരുന്നത്.  നാഷ്വില്ലേ വിമാത്താവളത്തിലെ 13ാം റൺവേയിലേക്കാണ് രണ്ട് വിമാനങ്ങൾ ഒരേസമയം ടേക്ക് ഓഫിന് എത്തിയത്.

കൂട്ടിയിടി ഒഴിവാക്കാനായി ഒരു വിമാനത്തിന്റെ പൈലറ്റ് ടേക്ക് ഓഫ് ഉപേക്ഷിച്ചതാണ് നാഷ്വില്ലേ വിമാനത്താവളത്തിൽ വലിയ അപകടം ഒഴിവാക്കിയത്. സെപ്തംബർ 12നായിരുന്നു വിമാനങ്ങൾ ചിറകുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം നടന്നേക്കാവുന്ന സാഹചര്യമുണ്ടായത്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ ആദ്യ അന്വേഷണ റിപ്പോർട്ടിലാണ് പൈലറ്റിന്റെ പിഴവ് വിശദമാക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നാണ് ഏജൻസി വ്യക്തമാക്കിയിട്ടുള്ളത്. 141 യാത്രക്കാരുമായി സൌത്ത് വെസ്റ്റ് വിമാനവും 176 യാത്രക്കാരുമായി അലാസ്ക ജെറ്റ് വിമാനവുമാണ് ഒരേ റൺവേയിൽ ഒരേ സമയത്ത് ടേക്ക് ഓഫിനെത്തിയത്. തുടക്കം പിഴച്ചെങ്കിലും അലാസ്ക വിമാനത്തിന്റെ പൈലറ്റിന്റെ മനസാന്നിധ്യമാണ് വൻ ദുരന്തം ഒഴിവാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെന്നതാണ് ആശ്വാസകരമായ വസ്തുത. 

Latest Videos

പൈലറ്റുമാരും കൺട്രോളർമാരും തമ്മിലുള്ള സംഭാഷണങ്ങൾ അന്വേഷണ ഏജൻസി പരിശോധിച്ചിരുന്നു. രണ്ട് വിമാനങ്ങളിൽ നിന്നും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറുകൾ വീണ്ടെടുത്തതായും ഏജൻസി വ്യക്തമാക്കി. അലാസ്ക എയർലൈൻസ് ജെറ്റിൽ നിന്ന് അന്വേഷക സംഘത്തിന് കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ലഭിച്ചു. എന്നാൽ വിമാനം പറന്നുയർന്നതിന് ശേഷം സൗത്ത് വെസ്റ്റ് വിമാനത്തിലെ റെക്കോർഡർ തിരുത്തിയെഴുതപ്പെട്ടുവെന്നാണ് അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുള്ളത്.

ട്രാഫിക് കൺട്രോൾ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ അലാസ്കയിലെ ജീവനക്കാരോട് റൺവേ 13-ൽ ടേക്ക് ഓഫ് ചെയ്യാനുള്ള അനുമതിക്കായി കാത്തിരിക്കാൻ പറഞ്ഞു. ഏകദേശം ഒരു മിനിറ്റിനുശേഷം സൌത്ത് വെസ്റ്റ് പൈലറ്റിനോട് മറ്റൊരു റൺവേയിലേക്കുള്ള യാത്രാമധ്യേ റൺവേ 13 മുറിച്ച് കടക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം 15 സെക്കൻഡുകൾക്ക് ശേഷമാണ് കൺട്രോളർ അലാസ്ക വിമാനത്തിന് ടേക്ക്ഓഫിനായി ക്ലിയർ ചെയ്ത് നൽകിയത്. എന്നാൽ ക്ലിയറൻസ് ലഭിക്കുന്നതിന് മുൻപ് തന്നെ അലാസ്കാ വിമാനം റൺവേയിലേക്ക് നീങ്ങുകയായിരുന്നു. റൺവേയിൽ മറ്റൊരു വിമാനം കണ്ട അലാസ്ക വിമാനത്തിന്റെ പൈലറ്റ് ബ്രേക്കുകൾ ശക്തമായി അമർത്തി ടേക്ക് ഓഫ് റദ്ദാക്കിയതോടെയാണ് കൂട്ടിയിടി ഒഴിവായത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!