വീണ്ടുമൊരു ഇന്ത്യ-പാക് പ്രണയകഥ, ഇന്ത്യൻ കാമുകനെ കാണാൻ അതിർത്തി കടന്നെത്തി പാക് യുവതി, പാട്ടുപാടി സ്വീകരണം

By Web TeamFirst Published Dec 5, 2023, 7:17 PM IST
Highlights

45 ദിവസത്തെ വിസ ലഭിച്ച ശേഷമാണ് ജാവേരിയ എത്തിയത്. നേരത്തെ രണ്ട് തവണ ജാവേരിയയുടെ വിസ അപേക്ഷ തള്ളിയിരുന്നു. അടുത്ത വർഷം ജനുവരിയിൽ വിവാഹം നടക്കുമെന്ന് അട്ടാരിയിൽ മാധ്യമപ്രവർത്തകരോട് ഇരുവരും പറഞ്ഞു. 

 

ചണ്ഡീഗഡ്: കൊൽക്കത്ത സ്വദേശിയായ കാമുകനെ കാണാൻ വിവാഹം കഴിക്കാൻ പാകിസ്ഥാൻ യുവതി ഇന്ത്യയിലെത്തി.  വാഗാ-അട്ടാരി അന്താരാഷ്ട്ര അതിർത്തി കടന്നാണ് പാക് യുവതി ചൊവ്വാഴ്ച ഇന്ത്യയിലെത്തിയത്. കറാച്ചി സ്വദേശിയായ ജാവേരിയ ഖാനൂമാണ് പ്രതിശ്രുത വരൻ സമീർ ഖാനെ കാണാൻ അതിർത്തി കടന്നെത്തിയത്. സമീറിന്റെ കുംടുംബം ജാവേരിയയെ അതിർത്തിയിൽ സ്വീകരിച്ചു. 45 ദിവസത്തെ വിസ ലഭിച്ച ശേഷമാണ് ജാവേരിയ എത്തിയത്. നേരത്തെ രണ്ട് തവണ ജാവേരിയയുടെ വിസ അപേക്ഷ തള്ളിയിരുന്നു. അടുത്ത വർഷം ജനുവരിയിൽ വിവാഹം നടക്കുമെന്ന് അട്ടാരിയിൽ മാധ്യമപ്രവർത്തകരോട് ഇരുവരും പറഞ്ഞു. 

Latest Videos

എനിക്ക് 45 ദിവസത്തെ വിസ അനുവദിച്ചു. ഇവിടെ വന്നതിൽ അതിയായ സന്തോഷമുണ്ട്. എത്തുമ്പോൾ തന്നെ എനിക്ക് ഇവിടെ വളരെയധികം സ്നേഹം ലഭിക്കുന്നുവെന്നും ജാവേരിയ പറഞ്ഞു. രണ്ട് തവണ വിസയ്ക്ക് ശ്രമിച്ചെങ്കിലും മൂന്നാം തവണയാണ് ലഭിച്ചത്. നാട്ടിൽ തിരിച്ചെത്തിയ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. അഞ്ച് വർഷത്തിന് ശേഷം എനിക്ക് വിസ ലഭിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. 2018ലാണ് ഇരുവരും അടുക്കുന്നത്. 

ജർമനിയിലായിരുന്നു സമീർ പഠിച്ചിരുന്നത്. നാട്ടിൽ വന്നപ്പോൾ അമ്മയുടെ ഫോണിൽ ജാവേരിയയുടെ ഫോട്ടോ കണ്ടു. ഇഷ്ടമായി. വിവാഹം കഴിക്കണമെന്ന് അമ്മയോട് പറഞ്ഞപ്പോൾ അവരും സമ്മതിച്ചു. ജാവേരിയക്കും എതിർപ്പില്ലായിരുന്നുവെന്ന് സമീർ പറഞ്ഞു. വിവാഹത്തിന് ജർമ്മനിയിലെയും ആഫ്രിക്ക, സ്പെയിൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും എത്തുമെന്ന് സമീർ പറഞ്ഞു.  അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് വിമാനത്തിലാണ് ഇരുവരും പോയത്. 

click me!