ആര്‍ട്ടിക്കിള്‍ 370; പാകിസ്ഥാനും കോണ്‍ഗ്രസ് സഖ്യത്തിനും ഒരേ നിലപാടെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

By Web TeamFirst Published Sep 19, 2024, 6:00 PM IST
Highlights

ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം വിജയിക്കാനാണ് സാധ്യതയെന്ന് ഖവാജ ആസിഫ് പറഞ്ഞു.

ഇസ്ലാമാബാദ്: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്ന വിഷയത്തില്‍ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനും കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനും ഒരേ നിലപാടാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം വിജയിച്ച് അധികാരത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് ഖവാജ ആസിഫ് പറഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഖവാജ ആസിഫിന്റെ പ്രതികരണം. 2019-ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്. 

കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ആര്‍ട്ടിക്കിള്‍ 370 തെരഞ്ഞെടുപ്പ് വിഷയമാക്കിയെന്നും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 ഉം 35 എയും പുനഃസ്ഥാപിക്കുന്നതിന് പാകിസ്ഥാനും നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിനും ഒരേ നിലപാടാണെന്നും ആസിഫ് പറഞ്ഞു. അതേസമയം, ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ഉറപ്പ് നല്‍കുമ്പോഴും കോണ്‍ഗ്രസ് അതിനെക്കുറിച്ച് പൂര്‍ണ്ണമായും നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത്. പ്രകടനപത്രികയില്‍ പോലും കോണ്‍ഗ്രസ് ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നത് നാഷണല്‍ കോണ്‍ഫറന്‍സിന്റെയും മെഹബൂബ മുഫ്തിയുടെ പിഡിപിയുടെയും പ്രകടനപത്രികകളില്‍ പ്രധാന വാഗ്ദാനമായി ഇടംപിടിച്ചിട്ടുണ്ട്.

Latest Videos

READ MORE: സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞിരുന്ന കശ്മീർ ജനതയുടെ കയ്യിൽ ഇന്ന് പേനയും പുസ്തകങ്ങളും: പ്രധാനമന്ത്രി

click me!