ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് 15 ടണ്‍ അവശ്യവസ്തുക്കള്‍ അയച്ചത്.
ദില്ലി: ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനത്തിലാണ് അവശ്യസാധനങ്ങള്‍ കൊണ്ടുപോകുന്നത്.
ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് അയക്കുന്നത്. തായ്‍ലന്റിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നേരത്തെ തുറന്നിരുന്നു. തായ്‍ലന്റിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അടിയന്തിര സാഹചര്യങ്ങളിൽ +66 618819218 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു. ബാങ്കോക്ക് എംബസിയിലെയും ചിയാങ്മയിലെ ഇന്ത്യൻ കോൺസുലേറ്റിലെയും ജീവനക്കാർ സുരക്ഷിതരാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത അറിയിപ്പിൽ പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ മ്യാൻമറിന് സഹായമെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മ്യാൻമറിൽ നിലവിൽ 150 പേരോളം ഭൂചലനത്തിൽപ്പെട്ട് മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 150 പേരുടെ മൃതദേഹങ്ങളാണ് രക്ഷാദൗത്യത്തിലൂടെ കണ്ടെത്തിയത്. മ്യാൻമറിലും അയൽ രാജ്യമായ തായ്‍ലന്റിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്ന് റിപ്പോർട്ട്. രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. പാലങ്ങളും കെട്ടിടങ്ങളും തകർന്നു. തായ്‍ലന്റ് തലസ്ഥാനമായ ബാങ്കോക്കിലും വലിയ നാശനഷ്ടങ്ങളുണ്ട്. നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണ് നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. രണ്ട് രാജ്യങ്ങളിലും സർക്കാറുകൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നതിനിടെ ഇന്നലെ അര്‍ധരാത്രിയോടെ തുടര്‍ ഭൂചലനമുണ്ടായി. ഇന്നലെ രാത്രി 11.56ഓടെയാണ് റിക്ടെര്‍ സ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.പ്രദേശിക സമയം ഉച്ചയ്ക്ക് 11.50ഓടെയാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്ത ശക്തിയേറിയ ഭൂചലനം മ്യാൻമറിൽ അനുഭവപ്പെട്ടത്. പ്രഭവ സ്ഥാനം മ്യാൻമർ ആയിരുന്നെങ്കിലും ഒപ്പം തായ്‍ലന്റിലും ശക്തമായ പ്രകമ്പനമുണ്ടായി. ബാങ്കോക്കിൽ നിരവധി വലിയ കെട്ടിടങ്ങൾ തകർന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് ജോലിസ്ഥലങ്ങളിൽ നിന്നും ഒഴിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു. കെട്ടിടങ്ങൾ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മ്യാൻമറിൽ കാര്യമായ നാശനഷ്ടങ്ങൾ തന്നെ ഭൂചലനം കാരണം ഉണ്ടായെന്നാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും അറിയിച്ചത്.
മ്യാൻമർ, തായ്‍ലന്റ് ഭൂചലനം: സഹായിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മരണ സംഖ്യ 150 കവിഞ്ഞു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...