വഖഫ് നിയമ ഭേദഗതി ബില്ല് മുനമ്പത്തെ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗമാണെന്നും എല്ലാ എംപിമാരും ബില്ലിനെ പിന്തുണക്കണമെന്നും കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ
ദില്ലി: വഖഫ് നിയമ ഭേദഗതി ബില്ല് മുനമ്പത്തെ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗമാണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. രാഷ്ട്രീയത്തിനതീതമായി മുനമ്പത്തെ ജനങ്ങൾക്ക് എല്ലാവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ എംപിമാരും രാഷ്ട്രീയത്തിനതീതമായി ബില്ലിനെ അനുകൂലിക്കണം എന്നാണ് അഭ്യർത്ഥന. പാവപ്പെട്ടവന്റെ വിഷയമാണിത്. കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നതാണ് ബില്ല്. അഖിലേന്ത്യ അടിസ്ഥാനത്തിൽ ജനങ്ങൾ ഒരുമിച്ച് മുന്നോട്ട് വന്നിരിക്കുന്ന വിഷയമാണെന്നും ജോർജ് കുര്യൻ പറഞ്ഞു.
ഇത് പരിഹരിച്ചാൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഗുണം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് സ്വാധീനിക്കാനാവുന്നതല്ല കെസിബിസി. ലോകത്തിൽ ആർക്കും ഇതുവരെ പോപ്പിന്റെ കീഴിലുള്ള കത്തോലിക്ക സഭയെ സ്വാധീനിക്കാൻ സാധിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും അവകാശം ഉന്നയിക്കാൻ പറ്റുന്ന ഒന്നായി ബില്ല് മാറും. വഖഫ് ഭൂമികളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല അവസരമാണിത്. ബില്ല് പ്രകാരം വഖഫ് ഭൂമിയാണോ അല്ലയോ എന്നത് കമ്മിറ്റിയാണ് നിർണയിക്കുക. മുനമ്പം വിഷയം എത്ര കാലത്തിനുള്ളിൽ പരിഹരിക്കാൻ പറ്റുമെന്ന് ഇപ്പോൾ പറയാനാകില്ല. നിയമം പ്രാബല്യത്തിൽ വന്ന ശേഷം തുടർ നടപടികളിലേക്ക് കടക്കണമെന്നും ജോർജ് കുര്യൻ പ്രതികരിച്ചു.