വിക്കിപീഡിയയില്‍ ലോകം വായിക്കുന്നത് ഇതൊക്കെ; ആദ്യ പത്തില്‍ ഇന്ത്യയുമായി ബന്ധമുള്ള പേജുകളും

By Web TeamFirst Published Dec 6, 2023, 11:37 AM IST
Highlights

ഒന്നാം സ്ഥാനത്ത് ചാറ്റ് ജിപിറ്റിയാണെങ്കിലും രണ്ടാം സ്ഥാനത്തുള്ളത് ഈ വര്‍ഷത്തെ മരണങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ പേജാണ്.

ഏത് വിഷയത്തെ കുറിച്ചും പെട്ടെന്ന് വിവരങ്ങൾ ശേഖരിക്കാൻ ലോകം ആശ്രയിക്കുന്നത് വിക്കിപീഡിയ തന്നെ. ഈ വർഷം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം വിക്കിപീഡിയയിൽ ലോകം തിരഞ്ഞ ആദ്യ പത്തു പേജുകളിൽ ക്രിക്കറ്റ് ലോകകപ്പും, ഐപിഎലും, ജവാൻ സിനിമയും ഇടം പിടിച്ചിട്ടുണ്ട്.

വിക്കിമീഡിയ ഫൗണ്ടേഷന്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ഇതുവരെ 84 ബില്യന്‍ വ്യൂസ് ആണ് വിക്കിപീഡിയയിലെ പേജുകള്‍ക്ക് ലഭിച്ചിട്ടുള്ളത്. അതില്‍ നിര്‍മ്മിത ബുദ്ധി തന്നെയാണ് താരം. ഏറ്റവുമധികം പേര്‍ വായിച്ചത് ചാറ്റ് ജിപിറ്റിയെ കുറിച്ചുള്ള പേജാണ്. 49 ദശലക്ഷം പേജ്‍വ്യൂസാണ് ചാറ്റ് ജിപിറ്റിയെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ പേജിന് ലഭിച്ചത്.  2023 വര്‍ഷത്തെ മരണങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുള്ള പേജാണ് കാഴ്ചക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത്. 

Latest Videos

ഇന്ത്യയുമായി ബന്ധമുള്ള പല പേജുകളും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് 38 ദശലക്ഷം വ്യൂസോടെ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ക്രിക്കറ്റിന്റെ പ്രചാരം വെളിപ്പെടുത്തി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പേജാണ് നാലാം സ്ഥാനത്തുള്ളത്. ബോളിവുഡ് സിനിമകളായ ജവാനും പത്താനും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ഹോളിവുഡിന്റെ സൂപ്പര്‍ ഹിറ്റായ ബാര്‍ബിയെ പിന്തള്ളിയാണ് ഇവ മുന്നിലെത്തിയത്. 

ഇന്ത്യയെക്കുറിച്ചുള്ള പേജിന് ലഭിച്ചത് 13 മില്യന്‍ വ്യൂസാണ്. വായനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 21-ാം സ്ഥാനത്താണ് ഈ പേജ്. അമേരിക്കയില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ വിക്കിപീഡിയ ഉപയോഗിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു. 33 ബില്യന്‍ വ്യൂസ് അമേരിക്കയില്‍ നിന്ന് ലഭിക്കുമ്പോള്‍ യുകെ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. നവംബര്‍ 28 വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. ഇത് ആദ്യമായാണ് ക്രിക്കറ്റിനെ കുറിച്ചുള്ള വിക്കിപീഡിയ പേജുകള്‍ ആദ്യ 25ല്‍ ഇടം പിടിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!