സഭയിലെ ബാലപീഡനങ്ങളേക്കുറിച്ചുള്ള കൃത്യമായ വിവരം അറിഞ്ഞെങ്കിലും വിവരം പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിക്കാതെ മറച്ച് വച്ചതായുള്ള അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് ആംഗ്ലിക്കൻ സഭയുടെ നേതൃപദവിയിൽ നിന്ന് കാന്റർബറി ആർച്ച് ബിഷപ് രാജി വച്ചത്
ലണ്ടൻ: വേദപഠന ക്ലാസിലെ വിദ്യാർത്ഥികൾക്കായുള്ള സമ്മർ ക്യാംപുകളിൽ പ്രായപൂർത്തിയാകാത്തവർക്കെതിരെ ലൈംഗിക അതിക്രമം. അറിഞ്ഞിട്ടും വിവരം പൊലീസിനെ കൃത്യസമയത്ത് അറിയിക്കാൻ തയ്യാറായില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതിന് പിന്നാലെ ഗ്ലോബൽ ആംഗ്ലിക്കൻ കമ്മ്യൂണിയൻ ആത്മീയ നേതാവും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനുമായ കാന്റർബറി ആർച്ച് ബിഷപ് രാജി വച്ചു. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയാണ് ചൊവ്വാഴ്ച രാജി വച്ചത്. വർഷങ്ങളോളം സഭയുടെ സമ്മർ ക്യാംപിൽ നടന്ന ലൈംഗിക അതിക്രമം മറച്ചുവയ്ക്കാൻ ശ്രമിച്ചതായുള്ള ഗുരുതരമായ ആരോപണമാണ് ജസ്റ്റിൻ വെൽബി നേരിടുന്നത്.
2013ൽ ഇംഗ്ലണ്ടിലും ആഫ്രിക്കയും നടന്ന ബാലപീഡനങ്ങളേക്കുറിച്ച് വിവരം ലഭിച്ചുവെങ്കിലും മറച്ച് വച്ചതിൽ തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് ഏറ്റെടുക്കാനുള്ള സന്നദ്ധത കാണിക്കാതിരുന്നതിന് പിന്നാലെ ജസ്റ്റിൻ വെൽബിക്ക് മേൽ സമ്മർദ്ദം ഏറിയിരുന്നു. ചൊവ്വാഴ്ച പിഴവ് സമ്മതിച്ച ജസ്റ്റിൻ വെൽബി രാജി പ്രഖ്യാപിക്കുകയായിരുന്നു. 2013നും 2024നും ഇടയിൽ നടന്ന സംഭവങ്ങളിൽ സഭയുടേയും തന്റേയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കിയാണ് രാജി പ്രഖ്യാപനം. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നല്ലതിന് വേണ്ടിയാണ് രാജിയെന്ന് ജസ്റ്റിൽ വെൽബി രാജി പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
undefined
ആഗോള തലത്തിൽ ആംഗ്ലിക്കൻ വിഭാഗത്തിന് ഏറെ വെല്ലുവിളി നൽകുന്നതാണ് കാന്റർബറി ആർച്ച് ബിഷപ്പിന്റെ രാജി. 165 രാജ്യങ്ങളിലായി 85 ദശലക്ഷം അനുയായികളാണ് ആംഗ്ലിക്കൻ കമ്മ്യൂണിയനുള്ളത്. ഓരോ രാജ്യങ്ങളും ഒരു നേതാവുണ്ടെങ്കിലും കാന്റർബറി ആർച്ച് ബിഷപ്പ് പദവിയാണ് ഏറ്റവും ഉന്നത പദവിയിലുള്ളത്. 1989ൽ ഓയിൽ വ്യവസായ മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് ജസ്റ്റിൻ വെൽബി പൌരോഹിത്യത്തിലേക്ക് എത്തിയത്. നിരവധി വിവാദങ്ങൾ ഔദ്യോഗിക പദവിയിലുള്ള സമയത്ത് ജസ്റ്റിൻ വെൽബി നേരിടേണ്ടി വന്നിരുന്നു. സഭയിലെ വനിതാ പ്രാതിനിധ്യവും സ്വവർഗാനുരാഗികളുടെ അവകാശങ്ങളുമെല്ലാം ജസ്റ്റിൽ വെൽബിയുടെ അധികാര പരിധിയിലുള്ള കാലത്ത് ആംഗ്ലിക്കൻ കമ്മ്യൂണിയനെ വല്ലാതെ ഉലച്ചിരുന്നു.
വ്യാഴാഴ്ചയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ട് സ്വതന്ത്ര്യ അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടത്. സഭയിലെ ബാരിസ്റ്റർ ആയിരുന്ന ജോൺ സ്മിത്ത് 1970 മുതൽ 2018ൽ മരിക്കുന്നത് വരെ ബ്രിട്ടനിൽ 30 ആൺകുട്ടികളേയും ആഫ്രിക്കയിൽ 85 ആൺകുട്ടികളേയും ലൈംഗികമായി ദുരുപയോഗിച്ചുവെന്ന ആരോപണത്തിലെ റിപ്പോർട്ടാണ് പുറത്ത് വന്നത്. 2013 ഓഗസ്റ്റിൽ പീഡന വിവരം അറിഞ്ഞുവെങ്കിലും പൊലീസ് അടക്കമുള്ള അധികാരികളെ വിവരം അറിയിക്കാൻ ജസ്റ്റിൻ വെൽബി തയ്യാറായില്ലെന്നാണ് 251 പേജുള്ള അന്വേഷണ റിപ്പോർട്ട് വിശദമാക്കുന്നത്. ഇങ്ങനെ ചെയ്തിരുന്നുവെങ്കിൽ ദശാബ്ദങ്ങൾ നീണ്ട ലൈംഗിക ദുരുയോഗം ചെറുക്കാൻ സാധിക്കുമായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ജസ്റ്റിൻ വെൽബിയുടെ രാജിയെ ജോൺ സ്മിത്തിന്റെ അതിക്രമം നേരിട്ടവർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം