ബെയ്റൂട്ടിൽ ഇസ്രായേലിന്റെ വ്യോമാക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു

By Web TeamFirst Published Sep 25, 2024, 7:52 AM IST
Highlights

ഹിസ്ബുല്ലയുടെ മുതിർന്ന സൈനിക നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു ഇബ്രാഹിം മുഹമ്മദ് കൊബൈസി. 

ബെയ്റൂട്ട്: ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു. ഇബ്രാഹിം മുഹമ്മദ് കൊബൈസി എന്നായാളാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ മിസൈൽ, റോക്കറ്റ് നെറ്റ്വർക്കിന്റെ കമാൻഡറെയാണ് വധിച്ചതെന്ന് ഇസ്രായേൽ അറിയിച്ചു. ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടെന്ന വിവരം ഹിസ്ബുല്ല സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

നിരവധി റോക്കറ്റ്, മിസൈൽ യൂണിറ്റുകളുടെ കമാൻഡറായിരുന്നു ഇബ്രാഹിം മുഹമ്മദ് കൊബൈസിയെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹിസ്ബുല്ലയുടെ മുതിർന്ന സൈനിക നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു കൊബൈസി. ഇയാൾക്ക് പുറമെ, രണ്ട് കമാൻഡർമാരെങ്കിലും ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാം എന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. എന്നാൽ, പ്രധാന നേതാക്കളിലൊരാളായ അലി കരാകെ ഇപ്പോഴും ജീവനോടെയുണ്ടെന്നും സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറിയിരിക്കുകയാണെന്നും ഹിസ്ബുല്ല അറിയിച്ചു. അലി കരാകെയെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്താനൊരുങ്ങുന്നതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇയാൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങിയത്. 

Latest Videos

ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങളായ പേജറുകളും വോക്കി-ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ച് 39 പേർ കൊല്ലപ്പെടുകയും മൂവായിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ മാധ്യമങ്ങൾ ഉൾപ്പെടെ ആരോപിച്ചിരുന്നു. എന്നാൽ, സ്ഫോടനത്തിൽ പങ്കുണ്ടെന്നോ ഇല്ലെന്നോ വെളിപ്പെടുത്താൻ ഇസ്രായൽ തയ്യാറായിട്ടില്ല. 

READ MORE:  ഉംറ വിസയുടെ മറവിൽ പാകിസ്ഥാനിൽ നിന്നെത്തുന്ന യാചകരുടെ എണ്ണം വർധിക്കുന്നു; മുന്നറിയിപ്പുമായി സൗദി അറേബ്യ

click me!