ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജീവിക്കാൻ യോഗ്യമായ നഗരങ്ങളിൽ ഒന്നായാണ് ടോക്കിയോ അറിയപ്പെട്ടിരുന്നത്.
ടോക്കിയോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ. വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, തകർച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥ, മറ്റ് കറൻസികൾക്കെതിരെ ജാപ്പനീസ് യെൻ ദുർബലമാകുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് ടോക്കിയോയെ പിന്നോട്ടടിക്കുന്നത്. ഇതിന്റെ ഫലമായി ഒരിക്കൽ സാമ്പത്തിക ശക്തി കേന്ദ്രമായിരുന്ന നഗരം ഇന്ന് സെക്സ് ടൂറിസം ഹബ്ബായി മാറിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും ജീവിക്കാൻ യോഗ്യമായ നഗരങ്ങളിൽ ഒന്നായി അറിയപ്പെട്ടിരുന്ന ടോക്കിയോ ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ജപ്പാനിലെ പുരുഷൻമാർ പണ്ട് ലൈംഗികാവശ്യങ്ങൾ നിറവേറ്റാനായി മറ്റ് വികസിത രാജ്യങ്ങളിലേക്ക് പോയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള പുരുഷന്മാർ ലൈംഗികത തേടി ജപ്പാനിലേക്ക് പോകുന്നുവെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ജപ്പാൻ ഒരു ദരിദ്ര രാജ്യമായി മാറിയിരിക്കുകയാണെന്നും തൻ്റെ ഓഫീസ് കെട്ടിടത്തിന് അടുത്തുള്ള പാർക്ക് ലൈംഗിക വ്യാപാരത്തിൻ്റെ കേന്ദ്രമായി മാറിയെന്നും ലൈസൺ കൗൺസിൽ പ്രൊട്ടക്റ്റിംഗ് യൂത്ത്സ് (സെയ്ബോറെൻ) സെക്രട്ടറി ജനറൽ യോഷിഹിഡെ തനക പറഞ്ഞതായി ദി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
undefined
സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഇരുപതുകളുടെ തുടക്കത്തിൽ കൗമാരക്കാരും സ്ത്രീകളും ലൈംഗിക വ്യവസായത്തിലേക്ക് തിരിയുന്നത് ജപ്പാനിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും വലിയ വർദ്ധനവാണ് ഇതിൽ ഉണ്ടാകുന്നതെന്നും യോഷിഹിഡെ തനക വ്യക്തമാക്കി. ജപ്പാനിൽ വിദേശികളായ പുരുഷന്മാരെ കൂടുതലായി കാണാൻ തുടങ്ങിയിരിക്കുന്നു. അവർ പല രാജ്യങ്ങളിൽ നിന്നും വരുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിദേശികളായ പുരുഷന്മാർക്ക് യുവതികളെ വാങ്ങാൻ കഴിയുന്ന സ്ഥലമായി ജപ്പാൻ മാറിയിരിക്കുകയാണെന്നും ഇത് ഇനി ആഭ്യന്തര പ്രശ്‌നമല്ല, പകരം ഗുരുതരമായ അന്താരാഷ്ട്ര പ്രശ്‌നമാണെന്നും ജപ്പാനിലെ കോൺസ്റ്റിറ്റിയൂഷണൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കസുനോറി യമനോയിയെ ഉദ്ധരിച്ച് ജപ്പാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, തൊഴിൽ സുരക്ഷാ നിയമം ലംഘിച്ചതിന് അഞ്ച് പേരെ ടോക്കിയോ മെട്രോപൊളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യവ്യാപകമായി 350 ഓളം സ്ഥാപനങ്ങളുമായി കരാർ ഒപ്പിട്ട് ലൈംഗിക വ്യവസായത്തിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ ഇവർ സോഷ്യൽ മീഡിയ ഉപയോഗിച്ചതായാണ് റിപ്പോർട്ട്. ജപ്പാനിലെ പല ക്ലബ്ബുകളിലും സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരം ക്ലബ്ബുകൾ കാരണമാണ് ഭൂരിഭാഗം സ്ത്രീകളും കടക്കെണിയിലാകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.