വെടിനിർത്തലിന് തയ്യാറാകണമെന്ന് അമേരിക്ക, നടക്കില്ലെന്ന് ഇസ്രായേൽ; ഹിസ്ബുല്ലയ്ക്ക് എതിരെ ആക്രമണം തുടരും

By Web TeamFirst Published Sep 26, 2024, 7:43 PM IST
Highlights

കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വെടിനിർത്തൽ നിർദ്ദേശവുമായി അമേരിക്ക രംഗത്തെത്തിയത്. 

ടെൽ അവീവ്: ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ അമേരിക്ക നടത്തിയ ശ്രമങ്ങൾ വിഫലം. വെടിനിർത്തലിന് തയ്യാറാകണമെന്ന അമേരിക്കയുടെ നിർദ്ദേശം ഇസ്രായേൽ തള്ളി. ഹിസ്ബുല്ലയ്ക്ക് നേരെ നടക്കുന്ന സൈനിക നടപടികൾ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. 21 ദിവസത്തെ വെടിനിർത്തലിന് തയ്യാറാകണമെന്ന നിർദ്ദേശം അമേരിക്ക മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് ബെഞ്ചമിൻ നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. 

അമേരിക്കയും ഫ്രാൻസും സംയുക്തമായാണ് ഇസ്രായേലിന് മുന്നിൽ വെടിനിർത്തൽ നിർദ്ദേശം വെച്ചത്. എന്നാൽ, ഇതിനോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന ബെഞ്ചമിൻ നെതന്യാഹു ഹിസ്ബുല്ലയ്ക്ക് എതിരെ ആഞ്ഞടിക്കണമെന്ന് സൈന്യത്തിന് നിർദ്ദേശം നൽകുകയാണ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. അടുത്തിടെ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 500-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അമേരിക്കയും യൂറോപ്യൻ യൂണിയനും നിരവധി അറബ് രാജ്യങ്ങളും സംയുക്തമായാണ് ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ 21 ദിവസത്തെ വെടിനിർത്തൽ എന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്.  

Latest Videos

ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയ്ക്കിടെ അമേരിക്കയും സഖ്യകക്ഷികളും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് വെടിനിർത്തൽ എന്ന ആവശ്യം ഉയർന്നത്. ഹിസ്ബുല്ലയ്ക്ക് എതിരെ ശക്തമായ ആക്രമണത്തിന് തയ്യാറെടുക്കാൻ ഇസ്രായേൽ സൈനിക മേധാവി ലഫ്. ജനറൽ ഹെർസി ഹലേവി സൈന്യത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേൽ-ലെബനൻ അതിർത്തിയിൽ  വെടിനിർത്തലിന് തയ്യാറാകണമെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രായേലിനോട് ആവശ്യപ്പെട്ടത്. 

കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. അടുത്തിടെ ഹിസ്ബുല്ലയുടെ ആശയവിനിമയോപാധികളായ പേജറുകളും വോക്കി-ടോക്കികളും പൊട്ടിത്തെറിച്ച് 40ഓളം പേർ കൊല്ലപ്പെടുകയും 3000-ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ മാധ്യമങ്ങൾ ഉൾപ്പെടെ ആരോപിച്ചിരുന്നു. തുടർന്ന് ഇസ്രായേലിനെതിരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. ഇതിന് മറുപടിയെന്നോണം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ലെബനനിലും മറ്റുമായി നിരവധിയാളുകൾ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. 

READ MORE: വീണ്ടും അട്ടിമറി ശ്രമം? റെയിൽവേ പാളത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡിൽ ട്രെയിൻ ഇടിച്ചു, സംഭവം ഗുജറാത്തിൽ

click me!