ഇസ്രായേലിനോട് നേരിട്ട് ഏറ്റുമുട്ടാൻ ഇറാൻ; മിസൈൽ ആക്രമണം നടത്തിയേക്കും, മുന്നറിയിപ്പുമായി അമേരിക്ക

By Web TeamFirst Published Oct 1, 2024, 10:18 PM IST
Highlights

ഇസ്രായേലിനെതിരെ ഇറാൻ നേരിട്ട് ആക്രമണം നടത്തിയാൽ ഗുരുതര പ്രത്യാഘാത‌ങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്ക വ്യക്തമാക്കി. 

ടെൽ അവീവ്: ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണത്തിന് ഒരുങ്ങുന്നതായി അമേരിക്കയുടെ മുന്നറിയിപ്പ്. ഇസ്രയേലിനെതിരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയേക്കും എന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്ന് ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചാൽ ഗുരുതര പ്രത്യാഘാത‌മുണ്ടാകുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നൽകി. ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ തയ്യാറെടുപ്പുകൾക്ക് സജീവ പിന്തുണ നൽകുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂടുതൽ വ്യോമാക്രമണം നടത്തുമെന്ന് ഇസ്രയേൽ അറിയിച്ചു. 

Latest Videos

ഹിസ്ബുല്ലയ്‌ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ഇറാൻ നേരിട്ട് ആക്രമണത്തിന് ഒരുങ്ങുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏപ്രിലിൽ ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ച് ഇസ്രായേലിനെതിരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. അന്ന് നൽകിയ പിന്തുണയ്ക്ക് സമാനമായി ഇറാനിൽ നിന്നുള്ള ഏത് ഭീഷണിയും തടയാൻ ഇസ്രായേലിനെ സഹായിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം, ആഴ്ചകളായി ലെബനനിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവിധയിടങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റല്ല ഉൾപ്പെടെ നിരവധി ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. നസ്റല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ഹിസ്ബുല്ലയുടെ ഉപനേതാവ് നയിം കാസെം ഇസ്രായേലുമായി ഒരു നീണ്ട യുദ്ധത്തിന് തയ്യാറാണെന്ന് പ്രതിജ്ഞയെടുത്തിരുന്നു. നസ്റല്ലയുടെ മരണത്തിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസംഗത്തിൽ ലെബനനെ പ്രതിരോധിക്കാൻ ഹിസ്ബുല്ലയുടെ പോരാളികൾ തയ്യാറാണെന്നും ഇസ്രായേൽ കര ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും കാസെം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. 

READ MORE: ഇന്ത്യ തേടുന്ന പിടികിട്ടാപ്പുള്ളി; വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് പാകിസ്ഥാനിൽ ഊഷ്മള സ്വീകരണം

click me!