കുടുംബത്തിലെ ഏക കുട്ടി, 17കാരനെ തൂക്കിലേറ്റി ഇറാൻ; ഇതുവരെ 68 കുട്ടികൾക്ക് വധശിക്ഷ, കടുത്ത പ്രതിഷേധം

By Web TeamFirst Published Nov 26, 2023, 7:27 PM IST
Highlights

2010 മുതല്‍ കുറഞ്ഞത് 68 പ്രായപൂര്‍ത്തിയാകാത്തവരെ എങ്കിലും ഇറാന്‍ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ഈ വര്‍ഷം ഇറാനില്‍  684 പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

തെഹ്റാൻ: കൊലപാതക കേസില്‍ പ്രതിയായ 17കാരന്റെ വധശിക്ഷ നടപ്പാക്കി ഇറാന്‍. റസാവി ഖൊറാസന്‍ പ്രവിശ്യയിലെ കിഴക്കന്‍ പട്ടണമായ സബ്‌സേവാറിലെ ജയിലില്‍ വെള്ളിയാഴ്ചയാണ് 17കാരനായ ഹമിദ്രേസ അസരിയെ തൂക്കിലേറ്റിയതെന്ന് നോര്‍വേ ആസ്ഥാനമായുള്ള ഹെന്‍ഗാവ്, ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (ഐഎച്ച്ആര്‍) എന്നീ സംഘടനകള്‍ പ്രസ്താവനയിലൂടെ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

പേർഷ്യൻ ഭാഷയിലുള്ള സാറ്റലൈറ്റ് ടിവി ചാനലായ 'ഇറാൻ ഇന്‍റർനാഷനലും' വധശിക്ഷ റിപ്പോർട്ട് ചെയ്തു. കുടുംബത്തിലെ ഏക കുട്ടിയായ അസരി സ്‌ക്രാപ്പ് വര്‍ക്കറായി ജോലി ചെയ്ത് തുടങ്ങിയിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കൊലപാതകം നടക്കുമ്പോള്‍ 16 വയസ്സായിരുന്നു അസരിക്ക് പ്രായം. 17-ാം വയസ്സില്‍ തൂക്കിലേറ്റി. ഈ വര്‍ഷം മേയില്‍ വഴക്കിനിടെ ഒരാളെ കൊലപ്പെടുത്തിയതിനാണ് അസരിയെ വധശിക്ഷക്ക് വിധിച്ചത്. 

Latest Videos

Read Also -  സിപിഎം നേതാവിനെ കൊന്ന് മുങ്ങിയിട്ട് 17 വര്‍ഷം, ഒടുവിൽ സൗദിയിൽ നിന്ന് പൊക്കി കേരള പൊലീസ്, തുണ ഇൻറർപോൾ

പ്രായപൂര്‍ത്തിയാകാത്തവരുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ ഇറാനില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വധശിക്ഷ നടപ്പാക്കിയതിലൂടെ 18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയെയും കുട്ടിയായി പരിഗണിക്കണമെന്ന യുഎന്‍ കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

കുട്ടികളുടെ വധശിക്ഷ നടപ്പാക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇറാനെന്നും മറ്റ് രാജ്യങ്ങളിലേക്കാള്‍ കൂടുതൽ പ്രായപൂര്‍ത്തിയാകാത്തവരുടെ വധശിക്ഷ ഇറാനില്‍ നടപ്പാക്കുന്നതായും ഇറാന്‍ മനുഷ്യാവകാശ സംഘടന പറയുന്നു. 2010 മുതല്‍ കുറഞ്ഞത് 68 പ്രായപൂര്‍ത്തിയാകാത്തവരെ എങ്കിലും ഇറാന്‍ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് കണക്കുകളെന്നും ഈ വര്‍ഷം ഇറാനില്‍  684 പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്നും ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. ഇറാനില്‍ ഒരാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനുള്ള പ്രായം 18 വയസ്സാണെന്നും എന്നാല്‍ വധശിക്ഷ നടപ്പാക്കാന്‍ 15 വയസ്സ് മതിയെന്നും ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡയറക്ടര്‍ മഹ്മൂദ് അമീരി  മൊഗദ്ദം ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!