'ചതുപ്പ് നിലത്തിൽ, കിണറിൽ, ഡാമിൽ'; 46 സ്ത്രീകളുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ, തിരിച്ചറിയാൻ 'ഐഡിന്‍റിഫൈ മി'

By Web Team  |  First Published Oct 9, 2024, 12:41 AM IST

റിത റോബർട്ട് എന്ന യുവതി കൊല്ലപ്പെട്ട് 31 വർഷത്തിന് ശേഷം ഓപ്പറേഷൻ 'ഐഡിന്‍റിഫൈ മി' എന്ന ക്യാംപെയിനിലൂടെ തിരിച്ചറിയപ്പെട്ടു. റിതയുടെ ശരീരത്തിൽ പതിപ്പിച്ചിരുന്ന ടാറ്റൂ അവരുടെ ബന്ധു തിരിച്ചറിയുകയായിരുന്നു.  ഇതിന് പിന്നാലെ ക്യാംപെയിൻ വ്യാപിപ്പിച്ചിരിക്കുകയാണ് ഇന്റർപോൾ.


വാഷിങ്ടൺ:  ഒന്നും രണ്ടുമല്ല, 46 സ്ത്രീകൾ ! യൂറോപ്പിൽ ദുരൂഹ സാഹചര്യത്തിൽ കൊലചെയ്യപ്പെട്ടവരോ മരിച്ചവരോ ആയ 46 സ്ത്രീകളെക്കുറിച്ച് ഒരു തുമ്പുമില്ല. വർഷങ്ങളുടെ അന്വേഷണം പലതും വഴിമുട്ടി. ഒടുവിൽ  ഇവർ ആരെന്ന് കണ്ടെത്താൻ ലോകവ്യാപക ക്യാംപെയിൻ വ്യാപിപ്പിച്ചിരിക്കുകയാണ്  ഇന്റർപോൾ. 2023ൽ ഇന്റർപോൾ തുടങ്ങിയ  ഓപ്പറേഷൻ 'ഐഡിന്‍റിഫൈ മി'  എന്ന ആശയത്തിന്റെ ആദ്യ ഘട്ടമായി 22 സ്ത്രീകളുടെ വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് തേടിയിരുന്നു.

ഇന്റർപോളിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളിലൂടെ പൊതുജനങ്ങളിൽ നിന്നായി 1800 സൂചനകൾ ലഭിക്കുകയും ചെയ്തിരുന്നു. ബെൽജിയം, ജർമനി, നെതർലാൻഡ്സ്, ഫ്രാൻസ്,ഇറ്റലി ,സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മിസ്സിംഗ് കേസുകളിലേക്ക് കൂടി ഈ അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് വളരെ പോസിറ്റിവായ പ്രതികരണങ്ങളായിരുന്നു പൊതുജനങ്ങളിൽ നിന്ന് ഉണ്ടായത്. അങ്ങനെ റിത റോബർട്ട് എന്ന യുവതി കൊല്ലപ്പെട്ട് 31 വർഷത്തിന് ശേഷം ഓപ്പറേഷൻ 'ഐഡിന്‍റിഫൈ മി' എന്ന ക്യാംപെയിനിലൂടെ തിരിച്ചറിയപ്പെട്ടു.

Latest Videos

undefined

റിതയുടെ ശരീരത്തിൽ പതിപ്പിച്ചിരുന്ന ടാറ്റൂ അവരുടെ ബന്ധു തിരിച്ചറിയുകയായിരുന്നു.  ഇതിന് പിന്നാലെ ക്യാംപെയിൻ വ്യാപിപ്പിച്ചിരിക്കുകയാണ് ഇന്റർപോൾ. കിണറിൽ നിന്നും ഡാമിൽ നിന്നും, ചതുപ്പ് നിലത്തിൽ നിന്നും കണ്ടെത്തിയവർ, കാർഡ് ബോർഡ് പെട്ടിക്കുള്ളിലും ഷെഡിലും, റോഡരികിലും നിന്നും കണ്ടെത്തിയ മൃതദേഹങ്ങൾ. തേളിന്റെയും പുള്ളിപ്പുലിയുടെയും ടാറ്റു ധരിച്ച സ്ത്രീ, പൂക്കളുടെ ടാറ്റു ചെയ്ത സ്ത്രീ, ഗർഭിണിയായ കഴുത്തിൽ നെക്ലസ് ധരിച്ച യുവതി ഇങ്ങനെ പോകുന്നു തിരിച്ചറിയപ്പെടാത്തവരുടെ അടയാളങ്ങൾ.

അജ്ഞാത മൃതദേഹങ്ങളുടെ ബയോമെട്രിക് ഡാറ്റ മുതൽ ശരീരത്തിന്റെയും, ധരിച്ചിരുന്ന വസ്ത്രത്തിന്റെയും വളരെ ചെറിയ വിവരങ്ങൾ പോലും ഇന്റർപോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രിയപ്പെട്ടവരെ തിരഞ്ഞ് അലയുന്നവരുടെ ചോദ്യത്തിന് ഒരു ഉത്തരം നൽകുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറയുകയാണ് ഇന്റർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്ക്. പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വളരെ ചെറിയ വിവരങ്ങൾ പോലും ഒരുപക്ഷെ വർഷങ്ങളായി അജ്ഞാത മൃതശരീരത്തിന്റെ ടാഗുമായി കഴിയുന്നവരെ തിരിച്ചറിയുന്നതിന് സഹായകമായേക്കാം എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

വീഡിയോ സ്റ്റോറി കാണാം

Read More :  മനുഷ്യവംശം ഏറ്റവും ഭയക്കേണ്ട സംഭവം! ​ഗം​ഗയിലും ആമസോണിലും മിസിസിപ്പിയിലും ജലം കുറയുന്നു,ആശങ്കയുമായി റിപ്പോർട്ട്

click me!