ശ്വാസകോശസംബന്ധമായ അസുഖം, ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ മാർപാപ്പ പങ്കെടുക്കില്ല

By Web TeamFirst Published Nov 29, 2023, 9:57 AM IST
Highlights

ചൊവ്വാഴ്ച ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും പരിപാടിയിൽ പങ്കെടുക്കുമെന്നായിരുന്നു പോപ് ഫ്രാന്‍സിസ് അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ഡോക്ടർമാരുടെ നിർബന്ധത്തിന് മാർപ്പാപ്പ വഴങ്ങുകയായിരുന്നു

വത്തിക്കാന്‍: ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചക്കോടിയിലേക്ക് ഫ്രാൻസിസ് മാർപാപ്പ എത്തില്ല. 86 കാരനായ മാർപ്പാപ്പ വെള്ളിയാഴ്ച ദുബായിലേക്ക് തിരിക്കാനിരുന്നതായിരുന്നു. മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ വിശദമാക്കി. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിൽസയിലായിരുന്നു. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല. ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെങ്കിലും യാത്ര ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്താണ് തീരുമാനമെന്ന് വത്തിക്കാനിലെ വക്താവ് അറിയിച്ചു.

മൂന്നിന് ഫെയ്ത് പവലിയന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങാനായിരുന്നു തീരുമാനം. ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും നേരത്തെ വത്തിക്കാൻ അറിയിച്ചിരുന്നു. ചൊവ്വാഴ്ച ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും പരിപാടിയിൽ പങ്കെടുക്കുമെന്നായിരുന്നു പോപ് ഫ്രാന്‍സിസ് അറിയിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം ഡോക്ടർമാരുടെ നിർബന്ധത്തിന് മാർപ്പാപ്പ വഴങ്ങുകയായിരുന്നു. മാർപ്പാപ്പയെ സിടി സ്കാന്‍ അടക്കമുള്ളവയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിലാണ് ന്യുമോണിയ ഇല്ലെന്ന് സ്ഥിരീകരിച്ചെങ്കിലും മറ്റ് ചില അണുബാധകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞായറാഴ്ച ഔദ്യോഗിക വസതിയിലെ ചാപ്പലില്‍ ഇരുന്നായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പ തിരുകർമ്മങ്ങളിൽ പങ്കെടുത്തത്.

Latest Videos

ഈ വർഷത്തിൽ നിരവധി തവണയാണ് ഫ്രാന്‍സിസ് മാർപ്പാപ്പയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. മാർച്ച് മാസത്തിൽ ബ്രോങ്കൈറ്റിസ് ബാധിതനായ മാർപ്പാപ്പ ജൂണ്‍ മാസത്തിൽ ഹെർണിയയ്ക്കുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നിരുന്നു. കഴിഞ്ഞ മാസത്തിൽ കാലാവസ്ഥ വ്യതിയാനം നിമിത്തം ലോകം തകരുകയാണെന്ന് മുന്നറിയിപ്പ് നൽകിയ മാർപ്പാപ്പ ദുബായിലെ കാലാവസ്ഥ ഉച്ചക്കോടിയിൽ ശക്തമായി സംസാരിക്കുമെന്നായിരുന്നു നിരീക്ഷിക്കപ്പെട്ടിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!