വിദേശ കപ്പലിന് നേരെ മിസൈൽ ആക്രമണം; സഹായ അഭ്യർത്ഥന കേട്ട് കുതിച്ചെത്തി ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പൽ

By Web TeamFirst Published Jan 27, 2024, 6:03 PM IST
Highlights

ചരക്കു കപ്പലുകള്‍ സംരക്ഷിക്കാനും കടലിലെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യന്‍ നാവിക സേന പ്രതിജ്ഞാബദ്ധമാണെന്ന് നേവി അറിയിച്ചു. 

ന്യൂഡൽഹി: ഗൾഫ് ഓഫ് ഏദനിൽ ചരക്ക് കപ്പിലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെ സഹായമെത്തിച്ച് ഇന്ത്യന്‍ നാവിക സേന. ബ്രിട്ടീഷ് എണ്ണക്കപ്പലായ മര്‍ലിൻ ലൂണ്ടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ കപ്പലിലെ ജീവനക്കാരിൽ 22 പേരും ഇന്ത്യക്കാരാണ്. ആക്രമണത്തിന് പിന്നാലെ അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ നാവിക സേനയുടെ മിസൈൽ നശീകരണ ശേഷിയുള്ള  പടക്കപ്പൽ ഐഎന്‍എസ് വിശാഖപട്ടണം സഹായവുമായി നീങ്ങിയതെന്ന് നാവിക സേന പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പറയുന്നു.

മിസൈൽ ആക്രമണത്തിൽ ചരക്ക് കപ്പലിന് തീപിടിച്ചിരുന്നു. ഇത് നിയന്ത്രണ വിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ നാവിക സേനാ കപ്പൽ പങ്കാളികളായി. ചരക്കു കപ്പലുകള്‍ സംരക്ഷിക്കാനും കടലിലെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യന്‍ നാവിക സേന പ്രതിജ്ഞാബദ്ധമാണെന്ന് നേവി അറിയിച്ചു. യെമനിലെ ഹൂതികളാണ് കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Latest Videos

ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നതിനിടെ യെമനിലെ ഹൂതി വിമതർ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത് തുടരുകയാണ്. ഇത്തരം സംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് സേനാ മേധാവി നിര്‍ദേശം നൽകിയിട്ടുണ്ട്. ജനുവരി 18ന് ഗള്‍ഫ് ഓഫ് ഏദനിൽ മറ്റൊരു ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമുണ്ടായിരുന്നു. ഇന്ത്യക്കാര്‍ ജീവനക്കാരായി ഉണ്ടായിരുന്ന ഈ കപ്പലിൽ നിന്നുള്ള സഹായ അഭ്യര്‍ത്ഥന ലഭിച്ചതിനെ തുടര്‍ന്ന് ഐ.എന്‍.എസ് വിശാഖപട്ടണം അടിയന്തിര സഹായവുമായി എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!