ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊവിഡ് മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍. 398 രാജ്യങ്ങളിൽ നിന്നായി 5500 രോഗികളിൽ സോളിഡാരിറ്റി ട്രയൽ നടന്നു വരികയാണ്.
ജനീവ: കൊവിഡ് രോഗികളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ, എച്ച്ഐവി മരുന്നുകൾ എന്നിവയുടെ പരീക്ഷണം നിർത്തിവെക്കാൻ തീരുമാനിച്ച് ലോകാരോഗ്യ സംഘടന. മലേറിയ്ക്ക് നൽകുന്ന മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ. എച്ച്ഐവി രോഗികൾക്ക് നൽകുന്ന ലോപിനാവിർ, റിറ്റോനാവിർ എന്നീ മരുന്നുകളും ഇനി മുതൽ കൊവിഡ് രോഗികൾക്ക് നൽകില്ല. ഈ മരുന്നുകൾ നൽകിയിട്ടും മരണനിരക്ക് കുറയുന്നില്ല എന്ന് കണ്ടെത്തിയാണ് നിർത്തിവക്കാനുള്ള തീരുമാനമെന്ന് അൽജസീറ വാർത്തയിൽ വ്യക്തമാക്കുന്നു.
'ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളിൽ ഈ മരുന്നുകൾ പരീക്ഷിച്ചതിന് ശേഷം ഇവരുടെ മരണനിരക്കിൽ കുറവൊന്നും ഉണ്ടാകുന്നില്ല. അതിനാൽ സോളിഡാരിറ്റി ട്രയലിൽ നിന്നും ഈ രണ്ട് മരുന്നുകളെ ഉടനടി മാറ്റാനാണ് തീരുമാനം.' ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും മരുന്ന് ഗവേഷകരും ചേര്‍ന്ന് കൊവിഡ് മരുന്നുകളുടെ പരീക്ഷണത്തിനായി രൂപപ്പെടുത്തിയ സംവിധാനമാണ് സോളിഡാരിറ്റി ട്രയല്‍. 398 രാജ്യങ്ങളിൽ നിന്നായി 5500 രോഗികളിൽ സോളിഡാരിറ്റി ട്രയൽ നടന്നു വരികയാണ്.
ആഗോളതലത്തിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5134 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് 11 നാണ് കൊവിഡ് 19നെ പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.