വര്‍ണ വെറിക്കിരയായി ജീവന്‍ പൊലിഞ്ഞ ജോർജ് ഫ്ലോയിഡിന് വിടചൊല്ലി അമേരിക്ക; മൃതദേഹം സംസ്കരിച്ചു

By Web Team  |  First Published Jun 10, 2020, 8:27 AM IST

'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ഫ്ലോയിഡിന്റെ അവസാന വാക്കുകൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭം അമേരിക്കയിൽ തുടരുകയാണ്. 


വാഷിംഗ്ടൺ ഡിസി: പൊലീസ് അതിക്രമത്തിൽ മരിച്ച ജോർജ് ഫ്ലോയിഡിന് അമേരിക്ക വിട ചൊല്ലി. ഹ്യൂസ്റ്റണിലാണ് ജോർജ് ഫ്ലോയിഡിന്‍റെ സംസ്കാര ചടങ്ങുകൾ നടന്നത്. ലോകമെങ്ങും പ്രതിഷേധ പരമ്പരകൾ തുടരുന്നതിനിടെയാണ് ഫ്ലോയിഡിന്റെ സംസ്കാരം ഇന്നലെ നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹ്യൂസ്റ്റണിലെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ഫ്ലോയിഡിന് നീതിക്കായി അമേരിക്കയിലെങ്ങും പ്രതിഷേധം തുടരുകയാണ്.

ജോർജ് ഫ്ലോയ്ഡ് എന്നത് വർണവെറിക്ക് ഇരയായി മരിച്ച ഒരു കറുത്ത വർഗ്ഗക്കാരൻ്റെ പേര് മാത്രമല്ല, തുല്യനീതിക്കായി നടക്കുന്ന അവകാശ സമരങ്ങളുടെ പ്രതീകമാണ്. ഫ്ലോയ്ഡിൻ്റെ അവസാന വാക്കുകൾ ഇന്ന് മനുഷ്യാന്തസിനായി ലോകമെങ്ങും നടക്കുന്ന പ്രക്ഷോഭങ്ങളിലെ മുദ്രാവാക്യമാണ്.

Latest Videos

undefined

'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ഫ്ലോയിഡിന്റെ അവസാന വാക്കുകൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രക്ഷോഭം അമേരിക്കയിൽ തുടരുകയാണ്. വർണ വെറിക്കും വിവേചനത്തിനും എതിരായ പ്രതിഷേധം രാജ്യമെങ്ങും വ്യാപിച്ച് കഴിഞ്ഞു. തലസ്ഥാനമായ വാഷിംഗ്ടൺ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരത്തിനാണ് സാക്ഷ്യം വഹിച്ചത്. പൊലീസ് നടപടിക്കെതിരെ പതിനായിരക്കണക്കിനാളുകളാണ് വൈറ്റ്ഹൈസിലേക്ക് പ്രഖ്യാപിച്ച മാർച്ചിൽ അണിനിരന്നത്.

2020 മെയ് 25 നാണ്, അമേരിക്കന്‍ പൊലീസിന്‍റെ വര്‍ണ്ണവിവേചനത്തിന് ഇരയായി ജോര്‍ജ് ഫ്ലോയ്ഡ് എന്ന 46 വയസുകാരന്‍ കൊല്ലപ്പെടുന്നത്. മിനിയാപൊളിസ് നഗര മദ്ധ്യത്തില്‍ വച്ച് വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിന്‍, വെറും സംശയത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ നിരായുധനായിരുന്ന ജോര്‍ജ് ഫ്ലോയ്ഡിനെ റോഡില്‍ കിടത്തിയ, ഡെറിക് ചൗവിന്‍ തന്‍റെ മുട്ട് കൊണ്ട് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു.

ഏറെ നേരെ മുട്ട് കൊണ്ട് കഴുത്തിന് കുത്തിപ്പിടിക്കുന്നതിനിടെ, ' തന്നെ വിടണമെന്നും തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ' ജോര്‍ജ് ഫ്ലോയ്ഡ് പറയുന്ന വീഡിയോ പിന്നീട് വൈറലായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമേരിക്കന്‍ വര്‍ണ്ണവിവേചനത്തിന്‍റെ ഇരയാണ് ജോര്‍ജ് ഫ്ലോയ്ഡ്. 

click me!