മില്യൺ കണക്കിന് ഡോളറുകൾ കൈപ്പറ്റിയതിന് പിന്നാലെ മെക്സിക്കൻ ലഹരി കാർട്ടലായ സിനലോവയിലെ അംഗങ്ങൾക്കായി ഒത്താശ ചെയ്തെന്നാണ് 56കാരനായ ഉദ്യോഗസ്ഥനെതിരെ തെളിഞ്ഞിരിക്കുന്ന കുറ്റം
ബ്രൂക്ക്ലിൻ: മെക്സിക്കോയിലെ ലഹരിമരുന്ന് കാർട്ടലുകൾക്കെതിരായ പ്രവർത്തനങ്ങൾക്ക് വർഷങ്ങളോളം നേതൃത്വം നൽകിയ ഉദ്യോഗസ്ഥന് കൈക്കൂലിക്കേസിൽ തടവ് ശിക്ഷ. മുൻ മെക്സിക്കൻ സർക്കാർ ഉദ്യോഗസ്ഥനും എഞ്ചിനീയറുമായിരുന്ന ജെനാരോ ഗാർസിയ ലൂണയ്ക്കാണ് ബ്രൂക്ക്ലിനിലെ ഫെഡറൽ കോടതി 38 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പ്രതിരോധിക്കേണ്ടിയിരുന്ന ലഹരി കാർട്ടലുകളിൽ നിന്ന് പണം കൈക്കൂലിയായി സ്വീകരിച്ച് ലഹരിക്കടത്തിനെ സഹായിച്ചതിനാണ് ശിക്ഷ.
ഫെബ്രുവരി 2023ൽ ജെനാരോ ഗാർസിയ ലൂണയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 56കാരനായ ജെനാരോ ഗാർസിയ ലൂണയ്ക്ക് ജീവപര്യന്തം ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങിയ ശേഷം ലഹരിക്കടത്തിൽ സജീവമായി പങ്കെടുത്തുവെന്നാണ് ജെനാരോ ഗാർസിയ ലൂണയ്ക്കെതിരായ ആരോപണം. ഏറെ കുപ്രസിദ്ധമായ സിനലോവ കാർട്ടലിൽ നിന്ന് മില്യൺ കണക്കിന് ഡോളറുകളാണ് ജെനാരോ ഗാർസിയ ലൂണ കൈപ്പറ്റിയതെന്നാണ് കോടതി കണ്ടെത്തിയത്. എൽ ചാപ്പോയുടെ അനുയായികളെ വിട്ടയയ്ക്കാൻ സഹായിച്ചത് മുതൽ കൊക്കൈയ്ൻ കടത്തിന് സഹായിക്കുകയുമാണ് ഔദ്യോഗിക പദവിയിലിരിക്കെ ജെനാരോ ഗാർസിയ ലൂണ ചെയ്തത്.
undefined
460 മാസം അമേരിക്കയിലെ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കണം. നല്ലവനായി ചമഞ്ഞ് ഇരട്ടമുഖവുമായി ജീവിച്ച ഉദ്യോഗസ്ഥനെന്നാണ് കോടതി ജെനാരോ ഗാർസിയ ലൂണയെ വിശേഷിപ്പിച്ചത്. 2006 മുതൽ 2012 വരെയുള്ള കാലയളവിൽ മെക്സിക്കോയിലെ പൊതു സുരക്ഷാ വിഭാഗത്തിലെ സെക്രട്ടറിയായിരുന്നു ജെനാരോ ഗാർസിയ ലൂണ. 2019ലെ അറസ്റ്റ് കാലം മുതൽ ജയിലിൽ കഴിയുന്നതിനാൽ പരമാവധി ശിക്ഷാ കാലാവധിയായ 20 വർഷം മാത്രം ജെനാരോ ഗാർസിയ ലൂണയ്ക്ക് നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് കോടതി 38 വർഷത്തെ തടവ് വിധിച്ചത്. കൊളറാഡോയിലെ അതീവ സുരക്ഷാ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് സിനലോവ കാർട്ടൽ നേതാവായ എൽ ചാപോ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം