പറന്നുയർന്ന് അര മണിക്കൂർ, വിമാനത്തിൽ നിന്ന് വൻ ശബ്ദവും കുലുക്കവും; ഇളകിത്തെറിച്ചത് എമർജൻസി എക്സിറ്റ് സ്ലൈഡ്

By Web Team  |  First Published Apr 27, 2024, 3:14 PM IST

വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് എമർജൻസി എക്സിറ്റ് സ്ലൈഡ് വിമാനത്തിൽ നിന്ന് വേർപ്പെട്ടുപോയെന്ന് മനസിലായതെന്ന് കമ്പനി വക്താവ് വെള്ളിയാഴ്ച നൽകിയ പ്രസ്താവനയിൽ അറിയിച്ചു.


ന്യൂയോർക്ക്: പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തിലെ എമർജൻസി എക്സിറ്റ് സ്ലൈഡ് ഇളകിവീണു. തുടർന്ന് മിനിറ്റുകൾക്കകം അടിയന്തിരമായി തിരിച്ചിറക്കി. യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരെന്ന് കമ്പനി അറിയിച്ചിട്ടുണ്ടെങ്കിലും സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലുള്ള ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

 ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് 767 വിമാനത്തിൽ നിന്നാണ് പറന്നുയർന്ന് മിനിറ്റുകൾക്കകം എമർജൻസി എക്സിറ്റ് സ്ലൈഡ് ഇളകി വീണതെന്ന് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പറയുന്നു. അടിയന്തിര സാഹചര്യങ്ങളിൽ എമർജൻസി എക്സിറ്റുകളിലൂടെ യാത്രക്കാരെ പുറത്തേക്ക് ഇറക്കേണ്ടി വരുമ്പോൾ വിമാനത്തിൽ നിന്ന് താഴേക്ക് ഇറങ്ങാൻ വേണ്ടിയുള്ള സംവിധാനമാണ് എമർജൻസി എക്സിറ്റ് ഡ്ലൈഡ‍ുകൾ. ഡെൽറ്റ എയർലൈൻസ് വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് എമർജൻസി എക്സിറ്റ് സ്ലൈഡ് വിമാനത്തിൽ നിന്ന് വേർപ്പെട്ടുപോയെന്ന് മനസിലായതെന്ന് കമ്പനി വക്താവ് വെള്ളിയാഴ്ച നൽകിയ പ്രസ്താവനയിൽ അറിയിച്ചു.

Latest Videos

ന്യൂയോർക്കിൽ നിന്ന് ലോസ് എയ്ഞ്ചലസിലേക്കുള്ള വിമാനം പറന്നുപൊങ്ങി മിനിറ്റുകൾക്കകം തന്നെ കുലുക്കം അനുഭവപ്പെട്ടതായി ജീവനക്കാർ അറിയിക്കുകയായിരുന്നു. തുടർന്ന് രാവിലെ 8.35ന് ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കുകയായിരുന്നുവെന്ന് ഫെ‍ഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 33 മിനിറ്റുകളാണ് വിമാനം പറന്നത്. എമർജൻസി ലാന്റിങ് വേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് പരിശോധിക്കുമെന്നും എഫ്.എ.എ അറിയിച്ചിട്ടുണ്ട്. കമ്പനി അന്വേഷണവുമായി പൂർണാർത്ഥത്തിൽ സഹകരിക്കുകയാണെന്ന് ഡെൽറ്റ എയ‍ർലൈൻ വക്താവും പറ‍ഞ്ഞു.

വിമാനത്തിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദമുണ്ടായെന്ന് ഒരു യാത്രക്കാരനെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകൾ വിശദീകരിക്കുന്നുണ്ട്. ഈ ശബ്ദം കാരണം വിമാനത്തിലെ അനൗൺസ്മെന്റുകൾ പോലും നേരാംവണ്ണം കേൾക്കാൻ കഴി‌ഞ്ഞില്ലെന്നും പരിഭ്രമിച്ചു പോയി നിമിഷങ്ങളായിരുന്നു എന്നും അദ്ദേഹം പറ‌ഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!