'മധ്യഭാഗത്ത് വച്ച് രണ്ടായി ഒടിഞ്ഞു', നാലായിരം ടണ്ണിലേറെ ഓയിലുമായി പോയ റഷ്യൻ കപ്പൽ കരിങ്കടലിൽ തകർന്നു

By Web Team  |  First Published Dec 16, 2024, 11:45 AM IST

വോൾഗോനെഫ്റ്റ്  212 എന്ന റഷ്യൻ ടാങ്കർ കപ്പൽ രണ്ടായി ഒടിഞ്ഞാണ് മുങ്ങിയത്. കപ്പലിന്റെ അഗ്രഭാഗം അപകടത്തിന് പിന്നാലെ കുത്തനെ നിൽക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിരുന്നു. 


മോസ്കോ: നാലായിരം ടൺ ഓയിലുമായി പോയ റഷ്യൻ ടാങ്കർ കപ്പൽ കരിങ്കടലിൽ തകർന്നു. വലിയ പാരിസ്ഥിതിക ആഘാതമുണ്ടാകുന്നതാണ് കൊടുങ്കാറ്റിലുണ്ടായ അപകടമെന്നാണ് ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ചയാണ് റഷ്യയുടെ  ടാങ്കർ കപ്പൽ കൊടുങ്കാറ്റിൽപ്പെട്ട് മുങ്ങിയത്. വോൾഗോനെഫ്റ്റ്  212 എന്ന റഷ്യൻ ടാങ്കർ കപ്പൽ രണ്ടായി ഒടിഞ്ഞാണ് മുങ്ങിയത്. കപ്പലിന്റെ അഗ്രഭാഗം അപകടത്തിന് പിന്നാലെ കുത്തനെ നിൽക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിരുന്നു. 

കെർച്ച് ഉൾക്കടലിൽ നിന്ന് ക്രീമിയയിലേക്ക് പോവുകയായിരുന്ന കപ്പൽ ക്രീമിയയിൽ നിന്ന് 8 കിലോമീറ്റർ അകലെയായാണ് കരിങ്കടലിൽ തകർന്നത്. സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് രണ്ട് ക്രിമിനൽ കേസുകളാണ് റഷ്യ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 136 അടി നീളമുള്ള കപ്പലിൽ 15 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ മരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 4300 ഗുണ നിലവാരം കുറഞ്ഞ ഇന്ധന എണ്ണ ആയിരുന്നു കപ്പലിലുണ്ടായിരുന്നത്. 

Latest Videos

അപകടത്തിന് പിന്നാലെ ടഗ്ബോട്ടുകളും മിൽ എംഐ 8 ഹെലികോപ്ടറും ഉപയോഗിച്ച് റഷ്യ ഇതിനോടകം രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 12 പേരെ ഇതിനോടകം അപകടമുണ്ടായ സ്ഥലത്ത് നിന്ന് രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിൽ 11 പേർ ചികിത്സയിൽ കഴിയുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ തന്നെ സമാന സ്ഥലത്ത് മറ്റൊരു ചരക്കു കപ്പലും അപകടത്തിൽ പെട്ടിരുന്നു. നാല് ടൺ എണ്ണയാണ്  വോൾഗോനെഫ്റ്റ് 239 എന്ന ഈ കപ്പലിലുണ്ടായിരുന്നത്. കടലിലെ ഇന്ധ ചോർച്ചയേക്കുറിച്ച് നിലവിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. 

🚨 Two Russian tankers Volgoneft-212 and Volgoneft-239 sank near the Kerch Bridge in the Black Sea. https://t.co/xzbIMEUGNV pic.twitter.com/CSHoh6eOL8

— Igor Sushko (@igorsushko)

55 വർഷം പഴക്കമുള്ള കപ്പലാണ് അപകടത്തിൽപ്പെട്ടത്. സെന്റ് പീറ്റേഴ്സ്ബർഗിൽ രജിസ്റ്റർ ചെയ്ത ഈ കപ്പലിൽ അടുത്തിടെയാണ് അറ്റകുറ്റ പണികൾ നടത്തിയത്. കപ്പലിന്റെ മധ്യ ഭാഗത്ത് നിന്ന് വലിയൊരു ഭാഗം മുറിച്ച് മാറ്റിയ ശേഷം വീണ്ടും വെൽഡ് ചെയ്ത് ചേർത്തിരുന്നു. ഈ വെൽഡ് ചെയ്ത ഭാഗത്ത് വച്ചാണ് കപ്പൽ രണ്ടായി ഒടിഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!