സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ഈഫല്‍ ടവര്‍; മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും തുറന്നു

By Web Team  |  First Published Jun 25, 2020, 7:19 PM IST

ടവറിന്റെ മുകളിലേക്കുള്ള എലിവേറ്ററുകൾ പ്രവർത്തിക്കില്ല. ടവറിന്റെ ഒന്നും രണ്ടും നിലകളിൽ മാത്രമേ സന്ദർശകരെ അനുവദിക്കുകയുള്ളു. അതും വളരെ കുറച്ച് പേരെ വീതം. 


പാരീസ്: കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മൂന്ന് മാസമായി അടച്ചിട്ടിരുന്ന ലോക പ്രശസ്തമായ ഈഫല്‍ ടവര്‍ വീണ്ടും തുറന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഈഫൽ ടവർ ഇത്രയും നീണ്ട കാലയളവിൽ അടച്ചിട്ടിരുന്നത്. ടവർ തുറന്നുവെങ്കിലും 1,063 അടി ഉയരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഈഫൽ ടവറിലേക്ക് പഴയതു പോലെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.

ടവറിന്റെ മുകളിലേക്കുള്ള എലിവേറ്ററുകൾ പ്രവർത്തിക്കില്ല. ടവറിന്റെ ഒന്നും രണ്ടും നിലകളിൽ മാത്രമേ സന്ദർശകരെ അനുവദിക്കുകയുള്ളു. അതും വളരെ കുറച്ച് പേരെ വീതം. 11 വയസിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധമാണ്. എല്ലാ ദിവസവും ടവറും പരിസരവും ശുചീകരിക്കും. പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി എല്ലാ രണ്ട് മണിക്കൂർ കൂടുമ്പോഴും ക്ലീനിംഗ് ടീമുകളും ശുചീകരണം നടത്തും. ഓണ്‍ലൈനായി വേണം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍. 

Latest Videos

കൊറോണ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ ഈഫൽ ടവർ ഉൾപ്പെടെ ഫ്രാൻസിലെ ഒട്ടുമിക്ക ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോൾ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായതോടെ രാജ്യത്തെ ടൂറിസം മേഖല വീണ്ടും തുറന്നു കൊണ്ടിരിക്കുകയാണ്.

click me!