'60 മിനിട്സി'ലെ കമലയുടെ അഭിമുഖവുമായി ബന്ധപ്പെട്ട ട്രംപിന്‍റെ ആരോപണങ്ങൾ തെറ്റാണെന്നാണ് സി ബി എസ് ന്യൂസ് വക്താവ് പ്രതികരിച്ചത്
വാഷിംഗ്ടൺ: അമേരിക്കൻ ജനത അടുത്ത പ്രസിഡന്‍റ് ആരായിരിക്കണമെന്ന വിധി കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. ഏറെക്കുറെ 48 മണിക്കൂറിനകം തന്നെ നിലവിലെ വൈസ് പ്രസിഡന്‍റ് കൂടിയായ ഡൊമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസാണോ, മുൻ പ്രസിഡന്‍റ് കൂടിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപാണോ അടുത്ത 4 വർഷം അമേരിക്കയെ നയിക്കേണ്ടത് എന്ന കാര്യത്തിൽ വോട്ട് കുറിക്കപ്പെടും. അത്രമേൽ വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം അവസാന ലാപ്പിലെത്തി നിൽക്കുമ്പോഴും അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിവാദങ്ങൾക്ക് കുറവില്ല എന്നതാണ് യാഥാർത്ഥ്യം. കമലാ ഹാരിസ് സി ബി എസ് ന്യൂസിന് നൽകിയ അഭിമുഖമാണ് ഏറ്റവും ഒടുവിലത്തെ വിവാദമായി കത്തുന്നത്.
undefined
സി ബി എസ് ന്യൂസിന്‍റെ പ്രശസ്തമായ പ്രോഗ്രമായ '60 മിനിട്സിൽ' കമല നൽകിയ അഭിമുഖം മുൻ നിർത്തി ട്രംപ് പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒക്ടോബർ 6 -ാം തിയതി സംപ്രേക്ഷണം നൽകിയ അഭിമുഖം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ട്രംപിന്‍റെ പരാതി. ഇക്കാര്യം ചൂണ്ടികാട്ടി സി ബി എസ് ന്യൂസിനെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥി കേസും കൊടുത്തിട്ടുണ്ട്. ഇസ്രായേൽ - ഹമാസ് വിഷയവുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് കമല ഹാരിസിന്‍റെ രണ്ട് വ്യത്യസ്ത മറുപടികൾ '60 മിനിട്സിൽ' സംപ്രേഷണം ചെയ്തെന്നാണ് ട്രംപ് ചൂണ്ടികാട്ടുന്നത്. ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണവും 10 ബില്യൺ ഡോളർ നഷ്ടപരിഹാരവും വേണമെന്നതാണ് ട്രംപിന്‍റെ അവശ്യം. ചാനലിന്റെ സംപ്രേഷണാവകാശം റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും ട്രംപ് മുന്നോട്ടുവച്ചിട്ടുണ്ട്.
ടെക്‌സാസിൽ ഒരു ജഡ്ജി മാത്രമുള്ള അമറില്ലോയിലെ ഫെഡറൽ കോടതിയിലാണ് ട്രംപ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. മാത്യു കാക്സ്മാരികാണ് ഈ കോടതിയിലെ ജഡ്ജി. അതേസമയം '60 മിനിട്സി'ലെ കമലയുടെ അഭിമുഖവുമായി ബന്ധപ്പെട്ട ട്രംപിന്‍റെ ആരോപണങ്ങൾ തെറ്റാണെന്നാണ് സി ബി എസ് ന്യൂസ് വക്താവ് പ്രതികരിച്ചത്. കേസിനെ ശക്തമായി നേരിടുമെന്നും ചാനൽ വ്യക്തമാക്കി. '60 മിനിട്സി'ന്‍റെ അഭിമുഖത്തിനെ ട്രംപിനെയും ക്ഷണിച്ചിരുന്നെന്നും അദ്ദേഹം പങ്കെടുക്കാനാകില്ലെന്നാണ് അറിയിച്ചതെന്നും സി ബി എസ് ന്യൂസ് വക്താവ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം