നഗരങ്ങളിൽ അടിയന്തരാവസ്ഥ, വൈദ്യുതി ബന്ധമില്ല, 'ഹെലീൻ' ആഞ്ഞടിച്ചു, റദ്ദാക്കിയത് നൂറിലേറെ വിമാനങ്ങൾ

By Web Team  |  First Published Sep 28, 2024, 1:20 PM IST

വ്യാഴാഴ്ച രാത്രിയാണ് ഹെലീൻ തീരം തൊട്ടത്. കരയിലെത്തിയതിന് പിന്നാലെ ആറ് മണിക്കൂറോളം കനത്ത നാശ നഷ്ടം വിതച്ച ഹെലീൻ മണ്ണിടിച്ചിലിനും കാരണമായിരുന്നു.


ടെക്സാസ്: അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ വ്യാപക നാശം വിതച്ച് ഹെലീൻ ചുഴലിക്കാറ്റ്. അഞ്ചു സംസ്ഥാനങ്ങളിലായി 45 പേർ കൊല്ലപ്പെട്ടതായാണ് ലഭ്യമാകുന്ന കണക്ക്. നൂറ് കണക്കിന് വിമാന സർവീസുകൾ ചുഴലിക്കാറ്റിന് പിന്നാലെ റദ്ദാക്കി. പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 

അമേരിക്കയുടെ തെക്ക് കിഴക്കൻ മേഖലയെ താറുമാറാക്കിയ ചുഴലിക്കാറ്റിന് പിന്നാലെ മിക്കയിടങ്ങളും വൈദ്യുതി നിലച്ച നിലയിലാണുള്ളത്. പ്രളയ ജലത്തിൽ നിരവധിപ്പേർ പലയിടങ്ങളിലായി കുടുങ്ങിയതിന് പിന്നാലെ അൻപതിലേറെ രക്ഷാ പ്രവർത്തകർ ഹെലികോപ്ടറുകളിലും ബോട്ടുകളുടെ സഹായത്തോടെ മേഖലയിൽ രക്ഷാ പ്രവർത്തനം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഫ്ലോറിഡയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹെലീൻ. വ്യാഴാഴ്ച മുതൽ  ജോർജ്ജിയ, കരോലിന, ഫ്ലോറിഡ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. 

Latest Videos

undefined

പേമാരിക്ക് പിന്നാലെ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് ലക്ഷക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് നേരിട്ടിട്ടുള്ളത്. കനത്ത മഴയ്ക്ക് പിന്നാലെ റോഡുകളും വഴികളും പ്രളയ ജലത്തിൽ മുങ്ങി. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മേഖലയിൽ ശക്തമായ കാറ്റിനും ടൊർണാഡോയ്ക്കുള്ള സാധ്യതകളുമാണ് കാലാവസ്ഥാ വിദഗ്ധർ വിശദമാക്കിയിട്ടുള്ളത്. കാറ്റഗറി നാലിനാണ് ഹെലീൻ ഉൾപ്പെട്ടിട്ടുള്ളത്. വ്യാഴാഴ്ച രാത്രിയാണ് ഹെലീൻ തീരം തൊട്ടത്. കരയിലെത്തിയതിന് പിന്നാലെ ആറ് മണിക്കൂറോളം കനത്ത നാശ നഷ്ടം വിതച്ച ഹെലീൻ മണ്ണിടിച്ചിലിനും കാരണമായിരുന്നു. 

ചുഴലിക്കാറ്റിന് പിന്നാലെ തീരത്തോട് ചേർന്ന മേഖലയിൽ 15 അടി ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.  ഫ്ലോറിഡയുടെ തീരം തൊട്ടതിന് പിന്നാലെ ജോർജ്ജിയുടെ വടക്കൻ മേഖലയിലേക്ക് നീങ്ങുന്നതിനിടെ തന്നെ 15 പേരാണ് ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!