കൊവിഡ് വാക്സിന്‍ ആവശ്യക്കാരായ എല്ലാവര്‍ക്കും ലഭിക്കണം, വിതരണത്തില്‍ പണം മാനദണ്ഡമാകരുത്: ബില്‍ ഗേറ്റ്സ്

By Web Team  |  First Published Jul 11, 2020, 10:03 PM IST

പണമുള്ളവര്‍ക്ക് മാത്രം മരുന്ന് ലഭിക്കുകയെന്നത് മഹാമാരി സമയത്ത് നീതിയല്ലെന്നും ബില്‍ ഗേറ്റ്സ്. ഒരുപാട് പണം ചെലവിട്ട് പരീക്ഷണങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് വാക്സിനിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍ വലുതാണ്. എന്നാല്‍ വികസ്വര രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പിന്നിലേക്ക് പോവും. 


വാഷിംഗ്ടണ്‍: കൊവിഡ് 19 വാക്സിന്‍ ആവശ്യക്കാരായ എല്ലാവര്‍ക്കും ലഭിക്കണമെന്ന് മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്സ്. ഏറ്റവുമധികം പണം നല്‍കുന്നവര്‍ക്ക് ആയിരിക്കരുത് കൊവിഡ് 19 വാക്സിന്‍ ആദ്യം ലഭ്യമാക്കുന്നതെന്നും ബില്‍ ഗേറ്റ്സ് ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് രീതികളെ പിന്തുടരുന്നത് മഹാമാരി അന്തമായി നീളുന്നതിനേ സഹായിക്കൂവെന്നും ബില്‍ ഗേറ്റ്സ്. 

ഏറ്റവുമധികം പണം നല്‍കുന്നവര്‍ക്കായി മരുന്ന് നല്‍കുന്നത് നീതിയല്ലെന്നും ബില്‍ ഗേറ്റ്സ് വിലയിരുത്തി. ഇന്‍റര്‍നാഷണല്‍ എയ്ഡ്സ് സൊസൈറ്റിയുടെ കൊവിഡ് 19 സംബന്ധിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ബില്‍ ഗേറ്റ്സ്. പണമുള്ളവര്‍ക്ക് മാത്രം മരുന്ന് ലഭിക്കുകയെന്നത് മഹാമാരി സമയത്ത് നീതിയല്ലെന്നും ബില്‍ ഗേറ്റ്സ് വിലയിരുത്തുന്നു. 

Latest Videos

undefined

രാജ്യത്തിന്‍റെ നേതാക്കന്മാര്‍ ശക്തമായ തീരുമാനങ്ങളെടുക്കണമെന്നും ആ തീരുമാനങ്ങളുടെ പിന്നില്‍ വിപണിയാവരുതെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും  ലക്ഷക്കണക്കിന് പണം ചെലവാക്കിയാണ് വാക്സിന് വേണ്ടിയുള്ള പരീക്ഷണം നടത്തുന്നത്. ഒരുപാട് പണം ചെലവിട്ട് പരീക്ഷണങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് വാക്സിനിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍ വലുതാണ്. എന്നാല്‍ വികസ്വര രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പിന്നിലേക്ക് പോവും. 

വാക്സിന്‍ പരീക്ഷണത്തിലെ ആരോഗ്യപരമല്ലാത്ത മത്സരങ്ങളേക്കുറിച്ച് ലോകാരോഗ്യ സംഘടനയും യൂറോപ്യന്‍ കമ്മീഷനും ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം മത്സരങ്ങള്‍ വലിയ രീതിയിലുള്ള ആശയക്കുഴപ്പത്തിലേക്കാവും രാജ്യങ്ങളെ എത്തിക്കുക. എച്ച്ഐവിയെ നേരിടാന്‍ മരുന്നുകള്‍ നിര്‍മ്മിക്കാന്‍ രാജ്യങ്ങള്‍ ഒന്നിച്ചത് പോലെ കൊവിഡ് 19 വാക്സിന്‍റെ കാര്യത്തിലും ഉണ്ടാവണമെന്നാണ് ബില്‍ ഗേറ്റ്സ് വിശദമാക്കുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന വാക്സിന്‍ എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താനാകുമെന്നും ബില്‍ ഗേറ്റ്സ് നിരീക്ഷിക്കുന്നു.

click me!