കൊവിഡ് 19 രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

By Web Team  |  First Published Aug 22, 2020, 6:49 AM IST

1918ല്‍ സ്പാനിഷ് ഫ്‌ലൂ അഞ്ച് കോടി ആളുകളുടെ മരണത്തിന് കാരണമായെങ്കില്‍ കൊവിഡ് മൂലം ഇതുവരെ എട്ട് ലക്ഷം ആളുകളാണ് മരിച്ചത്.
 


ജെനീവ: കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുന്നതായി പ്രതീക്ഷിക്കുന്നെന്ന് ലോകാരോഗ്യസംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്.  1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ലൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രോഗം പടര്‍ന്ന് പിടിക്കാനുള്ള ശൃംഖല മുമ്പേത്തിനേക്കാള്‍ ഇപ്പോള്‍ കൂടുതലാണ്. ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1918ല്‍ സ്പാനിഷ് ഫ്‌ലൂ അഞ്ച് കോടി ആളുകളുടെ മരണത്തിന് കാരണമായെങ്കില്‍ കൊവിഡ് മൂലം ഇതുവരെ എട്ട് ലക്ഷം ആളുകളാണ് മരിച്ചത്. പിപിഇ കിറ്റില്‍ അഴിമതി നടത്തുന്നത് കൊലപാതകത്തിന് തുല്യമാണെന്നും പിപിഇ കിറ്റ് ഇല്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുകയാണെങ്കില്‍ അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ കൊവിഡ് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത്. കൊവിഡിന്റെ രണ്ടാം വരവ് തടയാനൊരുരുങ്ങുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.
 

Latest Videos

click me!