അങ്ങോട്ടും ഇങ്ങോട്ടും പുറത്താക്കൽ! തെളിവുണ്ടെന്ന് ട്രൂഡോ: ഇന്ത്യ-കാനഡ നയതന്ത്ര 'യുദ്ധം' വീസയെ ബാധിച്ചേക്കും

By Web TeamFirst Published Oct 15, 2024, 2:24 AM IST
Highlights

ഭീകര ഗ്രൂപ്പുകൾക്ക് കാനഡ നൽകുന്ന സഹായം ലോകവേദികളിൽ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം

ദില്ലി: ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സർക്കാരിന്‍റെ നീക്കത്തിൽ തുടങ്ങിയ ഇന്ത്യ-കാനഡ നയതന്ത്ര 'യുദ്ധം' കനക്കുന്നതിൽ ആശങ്കയും വർധിക്കുന്നു. കാനഡയ്ക്ക് ശക്തമായ മറുപടി നൽകുമെന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യൻ ഉദ്യോഗസ്ഥരെ കേസിൽ പെടുത്താനുള്ള കനേഡിയൻ നീക്കം ശക്തമായി ചെറുക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇന്ത്യ ആറ് കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ കാനഡയും ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ളവരോട് രാജ്യം വിടാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർ ചാരപ്രവർത്തനം നടത്തിയെന്നും അക്രമങ്ങളിൽ പങ്കുണ്ടെന്നുമാണ് കനേഡിയൻ പൊലീസിന്റെ ആരോപണം.

ഭീകര ഗ്രൂപ്പുകൾക്ക് കാനഡ നൽകുന്ന സഹായം ലോകവേദികളിൽ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. മുതിർന്ന ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പരസ്പരം പുറത്താക്കിയത് വീസ അടക്കമുള്ള നടപടികളെ ബാധിക്കാനാണ് സാധ്യത. കാനഡയിലെ ഇന്ത്യക്കാരടക്കമുള്ള തെക്കനേഷ്യക്കാർ സമാധാനം പാലിക്കണമെന്ന് ഇന്നലെ കാനഡ ആവശ്യപ്പെട്ടിരുന്നു.

Latest Videos

ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്

അതേസമയം ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള 6 ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഈ തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയുമായി പങ്കുവെച്ചെന്നും ഇന്ത്യ ഇക്കാര്യം നിഷേധിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിച്ചു. അന്വേഷണവുമായി ഇന്ത്യ സഹകരിക്കാത്തതുകൊണ്ടാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും കനേഡിയൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയും കാനഡയും തമ്മിൽ പതിറ്റാണ്ടുകളായി നല്ല ബന്ധമാണെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു. നിലവിലെ സംഭവവികാസങ്ങളിൽ കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ആശങ്ക മനസിലാകുമെന്ന് പറഞ്ഞ ട്രൂഡോ, പക്ഷേ കാനഡയുടെ സുരക്ഷയെ മുൻനിർത്തി ഇത്തരം നടപടികൾ അനിവാര്യമാണെന്നും വിവരിച്ചു.

ഇന്ത്യ - കാനഡ തർക്കം പുതിയ തലത്തിൽ; 6 ഉന്നത കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!