യുദ്ധ കുറ്റകൃത്യം; ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് മെഡലുകൾ നഷ്ടമാകും, കർശന നടപടിയുമായി ഓസ്ട്രേലിയ

By Web TeamFirst Published Sep 12, 2024, 3:16 PM IST
Highlights

അഫ്ഗാനിസ്ഥാനിൽ ഓസ്ട്രേലിയൻ സൈനികർ നിയമവിരുദ്ധമായി 39 അഫ്ഗാൻ സ്വദേശികളെ കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു

സിഡ്നി: യുദ്ധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട സൈനിക ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി ഓസ്ട്രേലിയ. അഫ്ഗാനിസ്ഥാനിൽ യുദ്ധകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്ന് കണ്ടെത്തിയ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ മെഡലുകൾ തിരിച്ചെടുത്തു. നേരിട്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെങ്കിലും ചുമതലയുള്ള സമയത്ത് യുദ്ധ കുറ്റകൃത്യങ്ങൾ നടന്നുവെന്ന് കണ്ടെത്തിയതാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് നടപടി നേരിടാൻ കാരണമായത്. 2020ൽ പുറത്ത് വന്ന ബ്രെട്ടൺ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. അഫ്ഗാനിസ്ഥാനിൽ ഓസ്ട്രേലിയൻ സൈനികർ നിയമവിരുദ്ധമായി 39 അഫ്ഗാൻ സ്വദേശികളെ കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. 

സംഭവം രാജ്യത്തിന് വലിയ കളങ്കമാണ് ഏൽപ്പിച്ചതെന്നാണ് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി റിച്ചാർഡ് മാർല്സ് പ്രതികരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓസ്ട്രേലിയൻ ജനതയ്ക്ക് നാണക്കേട് വരുത്തി വച്ച സംഭവമാണ് യുദ്ധകുറ്റകൃത്യങ്ങൾ എന്നാണ് ആഭ്യന്തരമന്ത്രി വിശദമാക്കിയത്. എന്നാൽ നടപടി നേരിടേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെ കൃത്യമായ എണ്ണം എത്രയാണെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കിയിട്ടില്ല. 10ഓളം പേർക്ക് നടപടി നേരിടേണ്ടി വരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ സൂചന. 2001നും 2021നും ഇടയിൽ അഫ്ഗാനിസ്ഥാനിൽ നിയോഗിക്കപ്പെട്ട വലിയൊരു വിഭാഗം സൈനികർ കുറ്റം ചെയ്തിട്ടില്ലെന്നും പ്രതിരോധ മന്ത്രി വിശദമാക്കി. 

Latest Videos

മെയ് മാസത്തിൽ അഫ്ഗാനിസ്ഥാനിലെ ഓസ്ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട മുൻ സൈനിക അഭിഭാഷകന് തടവ് ശിക്ഷ വിധിച്ചിരുന്നു. ഡേവിഡ് മക്ബ്രൈഡ് എന്ന മുൻ സൈനിക അഭിഭാഷകനാണ് അഞ്ച് വർഷത്തിലേറെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ സംഭവിച്ച യുദ്ധ കുറ്റങ്ങളേക്കുറിച്ച് തുറന്ന് പറയേണ്ടത് തന്റെ ധാർമിക ഉത്തരവാദിത്തമെന്നാണ് മക് ബ്രൈഡ് പ്രതികരിച്ചത്. ഡേവിഡ് മക്ബ്രൈഡിന്റെ വെളിപ്പെടുത്തലുകൾ വലിയ രീതിയിലാണ് ഓസ്ട്രേലിയയിൽ ചർച്ച ചെയ്യപ്പെട്ടത്. ഓസ്ട്രേലിയയുടെ പേര് സൈനികർ ദുരുപയോഗം ചെയ്തുവെന്നതടക്കം വലിയ ആരോപണങ്ങൾ വെളിപ്പെടുത്തലുകൾ സൃഷ്ടിച്ചിരുന്നു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!