ലെബനോനിൽ ഉടനീളം ഇന്ന് ഉച്ചയോടെയുണ്ടായ പേജർ സ്ഫോടനങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ദില്ലി: ലെബനോനിലെ കൂട്ട പേജർ സ്ഫോടനത്തിൻ്റെ നടുക്കം വിട്ടുമാറും മുൻപ് ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ ആണെന്ന് ആരോപിച്ച് ഹിസ്ബുല്ല. ലോകചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഇലക്ട്രോണിക് ആക്രമണത്തിന് തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല വ്യക്തമാക്കി. ആരോപണം ഇസ്രയേലിന് നേർക്ക് ഉന്നയിച്ച് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകുമ്പോൾ മധ്യേഷ്യ വീണ്ടും കലുഷിതമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമാണ് ഹിസ്ബുല്ല. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാൻ എളുപ്പമാകുമെന്ന് കരുതിയാണ് പഴയകാല പേജർ യന്ത്രങ്ങൾ ഹിസ്ബുല്ല ഇപ്പോഴും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ആയിരക്കണക്കിന് യന്ത്രങ്ങളാണ് ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. ഇതോടെ ഹിസ്ബുല്ലയുടെ ആശയവിനിമയ ശൃംഖല തകർക്കപ്പെട്ടു. തീർത്തും അപ്രതീക്ഷിതവും ഇതുവരെ ഉണ്ടായിട്ടില്ലാത്തതുമായ ഈ ആക്രമണം ആസൂത്രിതമെന്നാണ് ഹിസ്ബുല്ല വിലയിരുത്തുന്നത്. പിന്നാലെ തങ്ങളുടെ പ്രഖ്യാപിത ശത്രു ഇസ്രയേലിന് നേരെ അവർ ആരോപണവും ഉന്നയിച്ചു.
ലെബനോനിൽ ഉടനീളം ഇന്ന് ഉച്ചയോടെയുണ്ടായ പേജർ സ്ഫോടനങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും 2800 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. സംഭവത്തിൽ ഹിസ്ബുല്ലയുടെ ഉന്നതരടക്കം കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ആശുപത്രികളെല്ലാം പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞു. ലെബനോനിലെ ഇറാൻ അംബാസിഡർക്കും പേജർ സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് കരുതുന്നത്. ഹിസ്ബുല്ലയുടെ ആരോപണം ശരിയാണെങ്കിൽ ലോകത്തെ ത്തന്നെ അസാധരണമായ ഒരാക്രമണ രീതിയാണ് ഇസ്രായേൽ നടപ്പാക്കിയത്. പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയും ഇതോടൊപ്പം കനക്കുന്നുണ്ട്.