ഉയിഗൂര്‍ മുസ്ലിംകള്‍ക്കെതിരെയുള്ള പീഡനം; ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തി യുഎസ്

By Web Team  |  First Published Oct 8, 2019, 12:57 PM IST

ഷിന്‍ജിയാങ് പ്രവിശ്യയിലെ പൊതുസുരക്ഷ വിഭാഗമടക്കം 19 സര്‍ക്കാര്‍ ഏജന്‍സികളെയും ഹിക്‍വിഷന്‍, ദഹുവ ടെക്നോളജി, മെഗ്‍വില്‍ ടെക്നോളജി തുടങ്ങിയ ടെക് കമ്പനികളെയുമാണ് കരിമ്പട്ടികയില്‍ പെടുത്തിയത്.


വാഷിംഗ്ടണ്‍: ചൈനീസ് സര്‍ക്കാര്‍ ഉയിഗൂര്‍ മുസ്ലിം വിഭാഗത്തെ പീഡിപ്പിക്കുന്നുവെന്നും മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും ആരോപിച്ച് 28 ചൈനീസ് സംഘടനകളെയും കമ്പനികളെയും അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അമേരിക്കയുടെ നിരീക്ഷണത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ സംഘടനകളെയും കമ്പനികളെയുമാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ കമ്പനികളില്‍നിന്ന് യുഎസ് ഭരണകൂടത്തിന്‍റെ അനുമതിയില്ലാതെ ഉല്‍പന്നങ്ങള്‍ വാങ്ങരുതെന്നും നിര്‍ദേശിച്ചു.

ഷിന്‍ജിയാങ് മേഖലയിലെ ഉയിഗൂര്‍ മുസ്ലിംകളുടെ മനുഷ്യാവകാശം ചൈനീസ് സര്‍ക്കാര്‍ ലംഘിക്കുന്നുവെന്ന് അമേരിക്കന്‍ വാണിജ്യ വകുപ്പ് കുറ്റപ്പെടുത്തി. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സംഘടനകളും കമ്പനികളും ചൈനീസ് സര്‍ക്കാറിന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും യുഎസ് ആരോപിച്ചു. ഷിന്‍ജിയാങ് പ്രവിശ്യയിലെ പൊതുസുരക്ഷ വിഭാഗമടക്കം 19 സര്‍ക്കാര്‍ ഏജന്‍സികളെയും ഹിക്‍വിഷന്‍, ദഹുവ ടെക്നോളജി, മെഗ്‍വില്‍ ടെക്നോളജി തുടങ്ങിയ ടെക് കമ്പനികളെയുമാണ് കരിമ്പട്ടികയില്‍ പെടുത്തിയത്.

Latest Videos

undefined

ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ക്യാമറ നിര്‍മാതക്കളാണ് ഹിക്‍വിഷന്‍. അതേസമയം, ചൈനക്കുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് അമേരിക്കയുടെ പുതിയ നീക്കമെന്ന് ചൈന കുറ്റപ്പെടുത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിലെ ചൈനയുടെ വളര്‍ച്ച തടയുന്നതിന്‍റെ ഭാഗമായാണ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് ചൈന പ്രതികരിച്ചു.

ഉയിഗൂര്‍ ന്യൂനപക്ഷത്തെ ചൈന ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, ഉയിഗൂര്‍ വിഭാഗത്തിന്‍റെ മനുഷ്യാവകാശം ലംഘിച്ചിട്ടില്ലെന്നാണ് ചൈനീസ് സര്‍ക്കാറിന്‍റെ വാദം. 

click me!