കോയമ്പത്തൂര്‍ മാനഗറില്‍ പ്രശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി ആണ് മരിച്ചത്. ബിസിനസുകാരനായ ഭര്‍ത്താവിനൊപ്പം ട്രെക്കിഗിനെത്തിയതായിരുന്നു യുവതി.
കോയമ്പത്തൂര്‍: മേട്ടുപ്പാളയത്തിന് സമീപം പെരിനായ്ക്കന്‍ പാളയം വന്യദീവി സങ്കേതത്തില്‍ ട്രെക്കിങ്ങിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂര്‍ മാനഗറില്‍ പ്രശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി ആണ് മരിച്ചത്. ബിസിനസുകാരനായ ഭര്‍ത്താവിനൊപ്പം ട്രെക്കിഗിനെത്തിയതായിരുന്നു യുവതി. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ഭുവനേശ്വരിയും ഭര്‍ത്താവ് പ്രശാന്തുമടക്കം ഒന്‍പത് സുഹൃത്തുക്കളാണ് ഇന്ന് രാവിലെ ട്രെക്കിങ്ങിനായി പെരിനായ്ക്കന്‍ പാളയത്തെത്തിയത്. വന്യജീവി സങ്കേതത്തിലെ പാലമലയില്‍ നിന്ന് വനത്തിനുള്ളിലേക്ക് ട്രെക്കിങ് നടത്തുമ്പോഴാണ് അപകടം നടന്നത്. ദമ്പതിമാര്‍ കാറിലും സുഹൃത്തുക്കള്‍ മറ്റൊരു വാഹനത്തിലും പാലമലയിലെത്തിയ ശേഷം വനത്തിനുള്ളിലേക്ക് ട്രെക്കിങ് നടത്തവെ സംഘം കാട്ടാനയുടെ മുന്നില്‍പ്പെട്ടു.
ആനയെ കണ്ട് സംഘം ചിതറി ഓടിയെങ്കിലും ഭുവനേശ്വരി കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ ഭുവനേശ്വരി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് വിവരം. ഭാര്യയെ കാട്ടാന ആക്രമിച്ച വിവരം ഭര്‍ത്താവും സുഹൃത്തുക്കളും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അതേസമയം വനം വകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് സംഘം വനത്തിനുള്ളില്‍ ട്രെക്കിങ് നടത്തിയതെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ വ്യക്തമാക്കി.