മറ്റൊരു വിദ്യാർത്ഥിയെ ഉപദ്രവിച്ചതിന്റെ പേരിലായിരുന്നു ഈ കുട്ടിക്കെതിരെ സ്കൂൾ അധികൃതർ അച്ചടക്ക നടപടി സ്വീകരിച്ചത്. മുറിയിലെത്തിയ വിദ്യാർത്ഥി കയ്യിൽ കരുതിയിരുന്ന തോക്കെടുത്ത് മുഖത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിവയ്ക്കാനാണ് ശ്രമിച്ചതെന്നും ഭാഗ്യം കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും പ്രിൻസിപ്പാൾ പൊലീസിനോട് പറഞ്ഞു.
ലക്നൗ: സഹപാഠിയെ അക്രമിച്ചതിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ട് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥി പ്രിൻസിപ്പളിനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ ബിജ്നോറിലുള്ള പതിനാറുകാരനായ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് പ്രിൻസിപ്പാളിന്റെ തലയ്ക്ക് നേരെ വെടിയുതിർത്തത്. ഒഴിഞ്ഞു മാറിയത് കൊണ്ടാണ് തലയ്ക്ക് കൊള്ളേണ്ട വെടിയുണ്ടയിൽ നിന്ന് രക്ഷപ്പെട്ടതെന്ന് പ്രിൻസിപ്പാൾ പറയുന്നു. തോളെല്ലിന് വെടിയേറ്റ ഇദ്ദേഹം ചികിത്സയിലാണ്.
മറ്റൊരു വിദ്യാർത്ഥിയെ ഉപദ്രവിച്ചതിന്റെ പേരിലായിരുന്നു ഈ കുട്ടിക്കെതിരെ സ്കൂൾ അധികൃതർ അച്ചടക്ക നടപടി സ്വീകരിച്ചത്. മാതാപിതാക്കളെ ആരെയെങ്കിലും വിളിച്ചു കൊണ്ടു വരാതെ ക്ലാസ്സിൽ കയറ്റില്ലെന്ന് പറഞ്ഞാണ് കുട്ടിയെ ക്ലാസ്സിൽ നിന്നും പുറത്താക്കിയത്. അമ്മയെ കൂട്ടി സ്കൂളിലെത്തിയ കുട്ടിയെ ക്ലാസ്സിൽ തുടർന്ന് പഠിക്കാൻ സാധ്യമല്ലെന്ന് അറിയിച്ച് അധ്യാപകൻ തിരികെ അയച്ചു. അമ്മയ്ക്കൊപ്പം പോയ കുട്ടി കുറച്ച് സമയത്തിന് ശേഷം മടങ്ങിയെത്തിയെന്ന് അധ്യാപകൻ വെളിപ്പെടുത്തുന്നു.
ടിസി വാങ്ങാൻ വന്നതാകുമെന്നാണ് താൻ കരുതിയതെന്ന് പ്രിൻസിപ്പാൾ പറയുന്നു. മുറിയിലെത്തിയ വിദ്യാർത്ഥി കയ്യിൽ കരുതിയിരുന്ന തോക്കെടുത്ത് മുഖത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിവയ്ക്കാനാണ് കുട്ടി ശ്രമിച്ചതെന്നും ഭാഗ്യം കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും പ്രിൻസിപ്പാൾ പൊലീസിനോട് പറഞ്ഞു. നിയമവിരുദ്ധമായിട്ടാണ് കുട്ടി തോക്ക് വാങ്ങിയതെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഐപിസി 307 പ്രകാരം കൊലപാതക ശ്രമത്തിന് വിദ്യാർത്ഥിയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.