സോണിയ വാടക കുടിശിക നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ; അഴിമതി നടത്താൻ കഴിയാത്തതിനാൽ പണം കാണില്ലെന്ന് ബിജെപി

By Web Team  |  First Published Feb 10, 2022, 5:38 PM IST

സോണിയ ഗാന്ധിയുടെ വസതിക്ക് വാടക കുടിശികയെന്ന് കേള്‍ക്കുമ്പോള്‍ ഭീമമായ തുകയാണന്ന് തെറ്റിദ്ധരിക്കരുത്. വെറും നാലായിരത്തി അറൂനൂറ്റി പത്ത് രൂപയാണ് കുടിശികയായത്.


ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ (Sonia Gandhi) ഔദ്യോഗിക വസതിക്ക് വാടക കുടിശിക. 2020 സെപ്റ്റംബറിന് ശേഷം വാടക നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ. പത്ത് വര്‍ഷമായി എഐസിസി ആസ്ഥാനത്തിന്‍റെ വാടകയും കുടിശികയാണ്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോണിയ ഗാന്ധിയുടെ വസതിയുടെ വാടക കുടിശിക ഇന്ന് തന്നെ അടക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

സോണിയ ഗാന്ധിയുടെ വസതിക്ക് വാടക കുടിശികയെന്ന് കേള്‍ക്കുമ്പോള്‍ ഭീമമായ തുകയാണന്ന് തെറ്റിദ്ധരിക്കരുത്. വെറും നാലായിരത്തി അറൂനൂറ്റി പത്ത് രൂപയാണ് കുടിശികയായത്. എന്നാല്‍ 17 മാസമായി  ജന്‍പഥിലെ ഔദ്യോഗിക വസതിയുടെ വാടക അടച്ചിട്ടില്ല. സുജിത് പട്ടേല്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന് ഹൗസിംഗ് ആന്‍റ് അര്‍ബന്‍ ഡവലപെന്‍റ് മന്ത്രാലയം നല്‍കിയ വിവരാവകാശ രേഖയുടെ വിവരങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് പുറത്ത് വിട്ടത്. 2012 ഡിസംബറിന് ശേഷം എഐസിസി ആസ്ഥാനത്തിന്‍റെ വാടകയും നല്‍കിയിട്ടില്ല. കുടിശിക ഇനത്തില്‍ പന്ത്രണ്ട് ലക്ഷത്തി അറുപത്തിയൊന്‍പതിനായിരത്തി തൊള്ളായിരത്തി രണ്ട് രൂപ അടയ്ക്കാനുണ്ട്. 2010ല്‍ റോസ് അവന്യൂവില്‍ ആസ്ഥാനം നിര്‍മ്മിക്കാന്‍ കേന്ദ്രം സ്ഥലം അനവദിച്ചിട്ടും ഇനിയും പണി പൂര്‍ത്തിയാക്കിയിട്ടില്ല.

Latest Videos

സ്ഥലം കിട്ടിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാറണമെന്ന നിര്‍ദ്ദേശവും പാലിച്ചിട്ടില്ല. സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വിന്‍സെന്‍റെ ജോര്‍ജ്ജിന്‍റെ ഔദ്യോഗിക വസതിക്ക് അഞ്ച് ലക്ഷം രൂപയിലേറെ വാടക കുടിശിക നല്‍കാനുണ്ട്. അതേസമയം എസ്പിജിയായിരുന്നു സോണിയ ഗാന്ധിയുടെ വസതിയുടെ വാടക നല്‍കിയിരുന്നതെന്നും സുരക്ഷ പിന്‍വലിച്ച ശേഷം കുടിശികയായ വിവരം അറിഞ്ഞില്ലെന്നുമാണ് കോണ്‍‍ഗ്രസിന്‍റെ വിശദീകരണം. അഴിമതി നടത്താന്‍ അവസരം കിട്ടാത്തതിനാല്‍ സോണിയയുടെ കൈയില്‍ പണം കാണില്ലെന്ന പരിഹാസവുമായി ബിജെപി രംഗത്തെത്തി. സോണിയ റിലീഫ് ഫണ്ടിലേക്ക് പത്ത് രൂപ അയച്ച് സഹായിക്കണമെന്ന ക്യാമ്പയിനും സമൂഹ മാധ്യമങ്ങളില്‍ തുടങ്ങിയിട്ടുണ്ട്.

click me!