നീറ്റ് പരീക്ഷയെ സംശയനിഴലിലാക്കി ആള്‍മാറാട്ടം; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം പ്രവേശനം നേടിയത് നിരവധി പേര്‍

By Web Team  |  First Published Sep 29, 2019, 1:47 AM IST

 പ്രവേശനപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി തമിഴ്നാട്ടില്‍ എംബിബിഎസ് പ്രവേശനം നേടിയ കേസ് നീറ്റ് പരീക്ഷയെ തന്നെ സംശയനിഴലില്‍ ആക്കിയിരിക്കുകയാണ്. 


ചെന്നൈ: പ്രവേശനപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി തമിഴ്നാട്ടില്‍ എംബിബിഎസ് പ്രവേശനം നേടിയ കേസ് നീറ്റ് പരീക്ഷയെ തന്നെ സംശയനിഴലില്‍ ആക്കിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പടെ ഒന്‍പത് പേരാണ് ഇതുവരെ അറസ്റ്റിലായത്. മലയാളികളായ ഇടനിലക്കാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.

പഴുതടച്ച സുരക്ഷാ സംവിധാനങ്ങളുള്ള നീറ്റ് പരീക്ഷയുടെ വിശ്വാസ്യത പോലും സംശയത്തിലാക്കുന്ന വസ്തുതകളാണ് പുറത്തുവരുന്ന വിവരങ്ങള്‍. വ്യാജഹാള്‍ ടിക്കറ്റുണ്ടാക്കി പകരക്കാരനെ വച്ച് പരീക്ഷ എഴുതി തമിഴ്നാട്ടിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം പ്രവേശനം നേടിയത് നിരവധി വിദ്യാര്‍ത്ഥികളാണ്. 

Latest Videos

undefined

തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് എത്തിയ ഉദിത് സൂര്യയെന്ന വിദ്യാര്‍ത്ഥിയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയും വിദ്യാര്‍ത്ഥിയുടെ മുഖവും തമ്മില്‍ സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് വന്‍ തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്.

തനിക്ക് വേണ്ടി മറ്റൊരാളാണ് പരീക്ഷ എഴുതിയതെന്നും ഇടനിലക്കാരന്‍ വഴി പിതാവ് സ്റ്റാന്‍ലിയാണ് ആളെ ഏര്‍പ്പാടിക്കിയതെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ മൊഴി. രക്ഷിതാവിനെകൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് അന്തര്‍സംസ്ഥാന തട്ടിപ്പ് ശ്രംഖലയുടെ സൂചനയാണ് ലഭിച്ചത്.

ചെന്നൈയിലെ ഇടനിലക്കാര്‍ വഴി ഇരുപത്തിമൂന്ന് ലക്ഷം കൈമാറിയെന്നും എന്നാല്‍ പരീക്ഷ എഴുതിയത് ആരെന്ന് അറിയില്ലെന്നുമാണ് രക്ഷിതാവിന്‍റെ മൊഴി. മഹാരാഷ്ട്ര, ബംഗ്ലൂരു, ലക്നൗ എന്നിവടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങളായി ഇവര്‍ തിരഞ്ഞെടുത്തിരുന്നത്. എന്‍ട്രന്‍സ് പരിശീലകരോ എംബിബിഎസ് വിദ്യാര്‍ത്ഥികളോ ആയിരിക്കാം പരീക്ഷ എഴുതിയെതന്നാണ് പൊലീസ് കരുതുന്നത്. സിബിസിഐഡി സംഘം ഏറ്റെടുത്ത അന്വേഷണം ഒടുവില്‍ എത്തിനില്‍ക്കുന്നത് മലയാളികളായ ഇടനിലക്കാര്‍ക്ക് മുന്നിലാണ്.

ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളിയായ ഇടനിലക്കാരന്‍ ജോര്‍ജ് ജോസഫ്, റാഫി, മുഹമ്മദ് ഷാഫി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മുംബൈയിലെ മുഖ്യസൂത്രധാരന് ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും, ബാക്കി ഇരുപത് ലക്ഷം പ്രവേശനലിസ്റ്റില്‍ ഇടംപിടിച്ചതിന് ശേഷം കൈമാറിയെന്നുമാണ് മൊഴി. മുംബൈ ആസ്ഥാനമായി നിരവധി പേര്‍ തട്ടിപ്പില്‍ ഭാഗമായോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

മഹാരാഷ്ട്രയ്ക്കും ഉത്തര്‍പ്രദേശിനും പുറമേ മലയാളി വിദ്യാര്‍ത്ഥകളും തട്ടിപ്പില്‍ ഭാഗമായിട്ടുണ്ടോ എന്നും പരിശോധിക്കുകയാണ്. നീറ്റ് തുടങ്ങിയ വര്‍ഷം മുതല്‍ ആള്‍മാറാട്ടം നടത്തി പ്രവേശനം നേടിയവര്‍ ചെന്നൈയിലെ കോളേജുകളില്‍ പഠിക്കുന്നതായി പിടിയിലാവര്‍ മൊഴി നല്‍കിയിട്ടുണ്ട്. 2017മുതല്‍ തമിഴ്നാട്ടില്‍ പ്രവേശനം നേടിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഡേറ്റാ ബേസ് പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.

click me!