അവകാശവാദവുമായി പത്തിലധികം മാതാപിതാക്കള്‍; ഗീതയ്ക്ക് വീണ്ടും ഡിഎന്‍എ പരിശോധന

By Web Desk  |  First Published Jun 21, 2018, 1:30 PM IST
  • ബധിരയും മൂകയുമായ ഗീതയെ അവകാശപ്പെട്ട് പത്തിലധികം ദമ്പതികള്‍
  • ആരെയും തിരിച്ചറിയാതെ ഗീത

ഇന്‍ഡോര്‍: ഒമ്പതാം വയസ്സില്‍ അബദ്ധത്തില്‍ ട്രെയിനില്‍ കയറി പാക്കിസ്ഥാനിലെത്തി, 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഗീതയെ വീണ്ടും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കാന്‍ തീരുമാനം. ബധിരയും മൂകയുമായ ഗീത മകളാണെന്ന് അവകാശപ്പെട്ട് പത്തിലധികം ദമ്പതികളാണ് എത്തിയിരിക്കുന്നത്. എന്നാല്‍ ആരെയും ഗീത തിരിച്ചറിയാത്ത സാഹചര്യത്തിലാണ് വീണ്ടും ഡിഎന്‍എ പരിശോധന നടത്തുന്നത്. 

2015ലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ഗീത തിരിച്ച് ഇന്ത്യയിലെത്തിയത്. തിരിച്ചെത്തിയ സമയത്തുതന്നെ ഗീതയുടെ ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ച വിവരം മധ്യപ്രദേശ് സര്‍ക്കാരാണ് അറിയിച്ചത്. ഇതിനായി ഹൈദരാബാദിലേക്ക്  രക്ത സാംപിള്‍ അയച്ചുകഴിഞ്ഞു. അവകാശവാദവുമായി എത്തിയ ദമ്പതികളുടെ രക്ത സാംപിളുകളും ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 

Latest Videos

undefined

ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നേരത്തേ ഒരു ലക്ഷം രൂപ ഇനാം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അവകാശമുന്നയിച്ച് നിരവധി പേരെത്തിയതോടെ സുരക്ഷ കണക്കിലെടുത്ത് ഗീതയെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഇന്‍ഡോറിലാണ് താമസം.

സല്‍മാന്‍ ഖാന്‍ ചിത്രമായ ബജ്‌റംഗി ഭായ്ജാന്‍ എന്ന സിനിമയിലൂടെയാണ് ഗീതയുടെ ജീവിതം ചര്‍ച്ചയായത്. മുമ്പും ഗീതയെപ്പറ്റി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ബജ്‌റംഗി ഭായ്ജാന്‍ കഥ ഹിറ്റായതോടെ ഗീത വീണ്ടും മാധ്യമങ്ങളില്‍ നിറയുകയായിരുന്നു. ഇതോടെയാണ് ഗീതയ്ക്ക് വേണ്ടി ഇന്ത്യ ഇടപെടല്‍ നടത്താന്‍ തുടങ്ങിയത്. ഒടുവില്‍ 2015 ഒക്ടോബറിലാണ് ഗീത ഇന്ത്യയില്‍ തിരിച്ചെത്തിയത്.
 

click me!