പെ​ഗാസസ് ; മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടതെന്നത് ഞെട്ടിക്കുന്നു-കെ സി വേണു​ഗോപാൽ; അവകാശലംഘനമെന്നും ആരോപണം

By Web Team  |  First Published Jan 29, 2022, 1:38 PM IST

ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ്ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയിരുന്നെന്ന് വ്യക്തമാക്കുന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട്ട് അനുസരിച്ച് 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയാണിതെന്നും വ്യക്തമാക്കുന്നുണ്ട്. 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്‍വെയര്‍ വാങ്ങിയതെന്ന് ടൈംസ് വെളിപ്പെടുത്തി


ദില്ലി: ഇസ്രയേലിൽ (Israel) നിന്ന് ഇന്ത്യ പെഗാസസ് (Pegasus) ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയിരുന്നെന്ന് ന്യൂയോർക്ക് ടൈംസ് (The New York Times) അന്വേഷണ റിപ്പോർട്ട് ആയുധമാക്കാൻ കോൺ​ഗ്രസ്(congress).  പ്രധാനമന്ത്രി മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടത് എന്നത് ഞെട്ടിക്കുന്നതെന്ന് കെ സി വേണു​ഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു പാർലമെന്റ് സമ്മേളനം മുഴുവൻ സ്തംഭിച്ചത് ഈ വിഷയത്തിലാണ്. എന്നാൽ, ഒരു ബന്ധവുമില്ലെന്ന് സർക്കാർ പാർലമെന്റിൽ പറഞ്ഞു. ജനങ്ങളോട് സർക്കാർ പച്ചക്കള്ളം പറഞ്ഞു എന്ന് ഇപ്പോൾ വ്യക്തമായി. പാർലമെന്റിനേയും ജനങ്ങളെയും സർക്കാർ തെറ്റിദ്ധരിപ്പിച്ചു. ഇത് അവകാശലംഘനത്തിന്റെ കൂടെ പ്രശ്നമാണ്. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഉത്തരം പറഞ്ഞേ മതിയാകൂ. പാർലമെൻറിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 

ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയിരുന്നെന്ന് വ്യക്തമാക്കുന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട്ട് അനുസരിച്ച് 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയാണിതെന്നും വ്യക്തമാക്കുന്നുണ്ട്. 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്‍വെയര്‍ വാങ്ങിയതെന്ന് ടൈംസ് വെളിപ്പെടുത്തി. അന്വേഷണ റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിട്ടുണ്ട്. ഹോളണ്ടും ഹംഗറിയും പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ വാങ്ങിയിരുന്നോ എന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം മറുപടി നല്‍കിയിരുന്നില്ല. എന്‍എസ്ഒ ഗ്രൂപ്പുമായി ബിസിനസ് ഇടപാടില്ലെന്നായിരുന്നു 2021 ഓഗസ്റ്റില്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്.

Latest Videos

അതേസമയം പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി വിവരങ്ങൾ തേടി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കി. inqiry@pegasus-india-investigation.in എന്ന ഈ മെയിൽ വിലാസത്തിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. ഫോണ്‍ ചോര്‍ത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങൾ കൈമാറണം. വിവരങ്ങൾ പരിശോധിച്ച ശേഷം ചോര്‍ത്തലിന് വിധേമായ ഫോണുകളും ആവശ്യമെങ്കിൽ സമിതി ആവശ്യപ്പെട്ടേക്കും. സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയവരോട് ഫോണ്‍ ചോര്‍ത്തൽ വിവരങ്ങൾ നേരത്തെ സമിതി തേടിയിരുന്നു. ചോര്‍ത്തലിന് വിധേയനായ ഫോണുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. 

click me!