ഉന്നത ഉദ്യോഗസ്ഥന്റെ മകൾ, വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഒളിച്ചോടിയ സംഭവത്തിൽ ഡ്രൈവർ കസ്റ്റഡിയിൽ

By Web TeamFirst Published Feb 8, 2024, 2:45 PM IST
Highlights

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വഴിയിൽ വെച്ച് വാഹനത്തിൽ നിന്ന് ഇറങ്ങിയ യുവതി നാടകീയമായി യുവാവിനൊപ്പം സ്ഥലംവിടുകയായിരുന്നു.

മുംബൈ: ഉന്നത സര്‍ക്കാർ ഉദ്യോഗസ്ഥന്റെ മകളുമായി ഒളിച്ചോടിയ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലണ്ടനിൽ പഠിക്കുകയായിരുന്ന 19 വയസുകാരി നാട്ടിലെത്തി മടങ്ങുന്നതിനിടെയായിരുന്നു ഒളിച്ചോട്ടം. തങ്ങൾ വിവാഹിതരായതായി ഇരുവരും പൊലീസിനെ അറിച്ചിരുന്നു. അതേസമയം മകളെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

മുംബൈയിലാണ് സംഭവം. സര്‍ക്കാറിൽ ഉന്നത പദവി വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ 19 വയസുകാരിയായ മകളും, സൗത്ത് മുംബൈയിലെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഡ്രൈവറുമാണ് ഒളിച്ചോടിയത്. ലണ്ടനിൽ പഠിക്കുന്ന യുവതി ഡിസംബറിൽ നാട്ടിലെത്തിയിരുന്നു. തിരികെ ലണ്ടനിലേക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലേക്ക് പോകവെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 
യുവതിയെ വിമാനത്താവളത്തിലേക്ക് മാതാപിതാക്കളാണ് കൊണ്ടുപോയത്. വഴിയിൽ വെച്ച് ചില സാധനങ്ങള്‍ വാങ്ങാനുണ്ടെന്ന് പറ‌ഞ്ഞ് യുവതി കാറിൽ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. മറ്റൊരു ഉദ്യോഗസ്ഥന്റെ ഡ്രൈവറായ 35 വയസുകാരൻ ബജ്റംഗ് മൗര്യയോടൊപ്പമാണ് മകള്‍ പോയതെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പൊലീസിൽ പരാതി നൽകി. മകളെ തട്ടിക്കൊണ്ട് പോയെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

Latest Videos

അന്വേഷണത്തിൽ മൗര്യയുടെ സഹോദരനെ കണ്ടെത്തി. ഇയാള്‍ക്ക് മൗര്യയുമായി ബന്ധമുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ ഇയാളുടെ വീട്ടിലെത്തിയ പൊലീസ് സംഘം അവിടെ നിരവധി വിലപിടിപ്പുള്ള വസ്തുക്കള്‍ കണ്ടെത്തി. ഇതേപ്പറ്റി ചോദിച്ചപ്പോൾ സഹോദരൻ തന്നെ മുംബൈയിലേക്ക് വിളിച്ചുവരുത്തി നൽകിയവയാണെന്നായിരുന്നു മറുപടി. പെണ്‍കുട്ടിയുമായി ഒളിച്ചോടിയ ബജ്റംഗ് മൗര്യ നേരത്തെ വിവാഹതിനാണെന്നും ഭാര്യ ഉത്തര്‍പ്രദേശിൽ ജീവിക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. 

തുടര്‍ന്നാണ് മുംബൈ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. തങ്ങള്‍ വിവാഹിതരായെന്ന് രണ്ട് പേരും പൊലീസിനെ അറിയിച്ചു. ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം യുവതിയെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിട്ടയച്ചു. ബജ്റംഗ് മൗര്യയെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

click me!