ഈ നൂറ്റാണ്ട് മുഴുവൻ ലോക ജനസംഖ്യയിൽ ഒന്നാമൻ ഇന്ത്യ, 2085ൽ ചൈനയുടേതിലും ഇരട്ടിയാകും! കണക്കുകൾ പുറത്തുവിട്ട് യുഎൻ

By Web Team  |  First Published Jul 13, 2024, 9:39 AM IST

ജനസംഖ്യ ഉയരുന്ന രാജ്യങ്ങളിൽ എല്ലാ വിഭാ​ഗം ജനങ്ങളുടെയും ഉല്‍പാദന ക്ഷമത വർധിപ്പിക്കാനും തൊഴിലവസരങ്ങൾ കൂട്ടാനും നടപടികൾ എടുക്കണമെന്നാണ് യുഎൻ റിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നത്. 


ദില്ലി: ഈ നൂറ്റാണ്ട് മുഴുവൻ ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ തുടരുമെന്ന് യുഎൻ പുറത്തുവിട്ട വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് റിപ്പോർട്ട്. 2061 ഓടെ ലോകജനസംഖ്യ ആയിരം കോടി കടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യ ഉയരുന്ന രാജ്യങ്ങളിൽ എല്ലാ വിഭാ​ഗം ജനങ്ങളുടെയും ഉല്‍പാദന ക്ഷമത വർധിപ്പിക്കാനും തൊഴിലവസരങ്ങൾ കൂട്ടാനും നടപടികൾ എടുക്കണമെന്നാണ് യുഎൻ റിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നത്. 

കഴിഞ്ഞ ദിവസവമാണ് ഐക്യരാഷ്ട്രസഭയുടെ 2024 ലെ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലോകജനസംഖ്യ ഈ നൂറ്റാണ്ടിൽ തന്നെ അതിന്‍റെ മൂർദ്ധന്യത്തിലെത്തുമെന്നും ശേഷം കുറയുമെന്നുമാണ് റിപ്പോർട്ടിലെ ആദ്യ പ്രവചനം. 2061ൽ അഥവാ 37 വർഷങ്ങൾക്കകം ലോക ജനസംഖ്യ ആയിരം കോടി കടക്കും.നിലവിൽ 820 കോടിയാണ് ലോകജനസംഖ്യ. ഈ നൂറ്റാണ്ട് അവസാനിക്കുന്നതോടെ ഇത് കുറഞ്ഞ് തുടങ്ങും.

Latest Videos

undefined

ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയിൽ ഇപ്പോൾ 145 കോടി ജനങ്ങളുണ്ട്. ഈ നൂറ്റാണ്ടിന്‍റെ അവസാനം വരെ ഇന്ത്യ തന്നെയയായിരിക്കും ലോകത്ത് ജനസംഖ്യയിൽ മുന്നിൽ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ 141 കോടിയാണ് ജനസംഖ്യ. ചൈനയിൽ ഇത് കുറഞ്ഞു തുടങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

2061 ൽ ഇന്ത്യയുടെ ജനസംഖ്യ 161 കോടി കടക്കുമെന്നും 2085 ൽ ഇന്ത്യയുടെ ജനസംഖ്യ ചൈനയുടെ ഇരട്ടിയാകുമെന്നും റിപ്പോർട്ടിൽ പ്രവചിക്കുന്നു.2054 ഓടെ പാക്കിസ്ഥാൻ അമേരിക്കയെ മറികടന്ന് ലോകജനസംഖ്യയിൽ മൂന്നാം സ്ഥാനത്താകും. വരും വർഷങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉയരുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലായിരിക്കും. മിക്കവാറും എല്ലാ രാജ്യങ്ങളിലും ആയുർദൈർഘ്യം കൊവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

2080 ഓടെ ലോകത്ത് പ്രായപൂർത്തിയാകാത്തവരേക്കാൾ 65 വയസിന് മുകളിലുള്ളവരുടെ എണ്ണമായിരിക്കും കൂടുതൽ. യുവജനതയുടെ എണ്ണം കൂടുന്നത് ഇന്ത്യയ്ക്ക്  നേട്ടമാണെങ്കിലും തൊഴിൽ ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് സർക്കാരുകളെ കാത്തിരിക്കുന്നത്.ജനസംഖ്യ ഉയരുന്ന രാജ്യങ്ങൾ ഭാവിയിൽ ഓട്ടോമേഷൻ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും എല്ലാ വിഭാ​ഗം ജനങ്ങളുടെയും ഉൽപാദന ക്ഷമത വർദ്ധിപ്പിക്കാനും അവസരങ്ങൾ ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്നും ഐക്യരാഷ്ട്ര സഭ നിർദേശിക്കുന്നുണ്ട്.

ഇവിടെയെത്തിയാൽ ബഗ്ഗി കാറുകളില്‍ കാട്ടിലൂടെ പോകാം, ആമ പാര്‍ക്കിലിറങ്ങാം, പിന്നെ പക്ഷി നിരീക്ഷണവും

യു ടേണ്‍ എടുത്ത് ഡിവൈഎഫ്ഐ; കഞ്ചാവ് കേസ് പ്രതിക്കായി നടത്താനിരുന്ന എക്സൈസ് ഓഫീസ് മാര്‍ച്ച് മാറ്റിവെച്ചു

 

click me!