ഗുജറാത്തിൽ വനിതാ ക്ലർക്കുമാരെ നഗ്നരാക്കി നിർത്തി, വിരൽ കടത്തി കന്യകാത്വ പരിശോധന

By Web Team  |  First Published Feb 21, 2020, 6:08 PM IST

ഗുജറാത്തിലെ ഭുജ് ടൗണിൽ വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിച്ച്, ആർത്തവ പരിശോധന നടത്തിയത് വിവാദമായതിന് ദിവസങ്ങൾക്ക് ശേഷമാണ് വനിതാ ക്ലർക്കുമാരെയും സമാനമായ രീതിയിൽ അപമാനിച്ച സംഭവം പുറത്തുവരുന്നത്.


അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്ത് മുൻസിപ്പൽ കോർപ്പറേഷനിൽ വനിതാ ക്ലർക്കുമാർക്ക് കന്യകാത്വ പരിശോധന. പത്ത് വനിതാ ക്ലർക്ക് ട്രെയിനികൾക്കാണ് ഈ അപമാനം നേരിടേണ്ടി വന്നത്. ഒരു മുറിയിൽ നഗ്നരാക്കി നിർത്തി, വിരൽ കടത്തി കന്യകാത്വ പരിശോധന നടത്തിയും ഗർഭിണിയാണോ എന്ന് പരിശോധിച്ചുമാണ് അപമാനിച്ചത്. 

ഫെബ്രുവരി 20-നായിരുന്നു സംഭവം ട്രെയിനിംഗ് കാലാവധി കഴിഞ്ഞ് ജോലിയിൽ സ്ഥിരപ്പെടുത്തുന്നതിന് മുന്നോടിയായാണ് പരിശോധന എന്നാണ് വനിതാ ക്ലർക്കുമാരോട് പറഞ്ഞത്. മുൻസിപ്പൽ കോർപ്പറേഷന്‍റെ ആശുപത്രിയിലെ (സൂറത്ത് മുൻസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആന്‍റ് റിസർച്ച് - SMIMER) ഗൈനക്കോളജി വാർഡിലായിരുന്നു പരിശോധന. 

Latest Videos

ഗുജറാത്തിലെ ഭുജ് ടൗണിൽ വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിച്ച്, ആർത്തവ പരിശോധന നടത്തിയത് വിവാദമായതിന് ദിവസങ്ങൾക്ക് ശേഷമാണ് വനിതാ ക്ലർക്കുമാരെയും സമാനമായ രീതിയിൽ അപമാനിച്ച സംഭവം പുറത്തുവരുന്നത്.

സംഭവം വിവാദമായതോടെ, സൂറത്ത് മുൻസിപ്പൽ കമ്മീഷണർ ബഞ്ചനിധി പാനി, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൂറത്ത് മുൻസിപ്പൽ എംപ്ലോയീസ് യൂണിയനാണ് പരാതി പുറത്തുവിടുന്നത്. വിവാഹം കഴിഞ്ഞിട്ടില്ലാത്ത വനിതാ ട്രെയിനി ക്ലർക്കുമാരെയും സമാനമായ രീതിയിൽ അപമാനിച്ചതായി എംപ്ലോയീസ് യൂണിയൻ വ്യക്തമാക്കുന്നു. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗസമിതിയെയാണ് അധികൃതർ രൂപീകരിച്ചിരിക്കുന്നത്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ കോളേജിലെ മുൻ ഡീൻ ഡോ. കൽപന ദേശായ്, അസിസ്റ്റന്‍റ് മുൻസിപ്പൽ കമ്മീഷണർ ഗായത്രി ജരിവാല, എക്സിക്യൂട്ടീവ് എഞ്ചിനീയർ തൃപ്തി കലാത്തിയ എന്നിവരാണ് മൂന്നംഗസമിതിയിലെ അംഗങ്ങൾ.

എന്നാൽ ശാരീരിക പരിശോധന, ട്രെയിനിംഗ് കാലാവധി അവസാനിച്ചാൽ സ്ഥിരം നടത്താറുള്ളതാണെന്നും, ഇത് ചട്ടപ്രകാരം നടത്തിയതാണെന്നുമാണ് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതരുടെ നിലപാട്. എന്നാൽ വിരൽ കടത്തിയുള്ള കന്യകാത്വ പരിശോധന പാടില്ലെന്ന സുപ്രീംകോടതി വിധി നിലനിൽക്കെയാണ് ഇവർ ഈ പരിശോധന നടത്തിയതെന്നതാണ് വിവാദമാകുന്നത്.

സൂറത്ത് മേയർ ജഗ്‍ദീഷ് പട്ടേൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

click me!