വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിച്ച് കൊണ്ടുപോകുന്നതിനിടെ ബോട്ടിൽ കുഞ്ഞിന് ജന്മം നൽകി 25കാരി

By Web TeamFirst Published Jul 6, 2024, 8:25 AM IST
Highlights

സമീപത്തെ പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് ബോട്ടിൽ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു പ്രസവം

ദിസ്പൂർ: അസമിൽ വെള്ളപ്പൊക്കത്തിനിടെ രക്ഷാപ്രവർത്തകരുടെ ബോട്ടിൽ പെൺകുഞ്ഞിനെ പ്രസവിച്ച് യുവതി. 25കാരി കുഞ്ഞിന് ജന്മം നൽകിയത് സമീപത്തെ പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് ബോട്ടിൽ കൊണ്ടുപോകുന്നതിനിടെയാണ്. മെഡിക്കൽ സംഘം ബോട്ടിൽ യുവതിക്കൊപ്പം ഉണ്ടായിരുന്നു.

ജഹനാര ബീഗം എന്ന യുവതിയാണ് വെള്ളപ്പൊക്കത്തിനിടയിൽ ആശുപത്രിയിലെത്തും മുൻപ് പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. ജഹനാരയുടെ ഭർത്താവും കൂടെയുണ്ടായിരുന്നു. ജഹനാര ബീഗത്തെയും നവജാത ശിശുവിനെയും കരയിലെത്തിച്ച് ജാർഗാവ് പിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന്  ഡോക്ടർ പബൻ കുമാർ പട്ടോർ പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് വൈദ്യസഹായം നൽകുന്ന മെഡിക്കൽ സംഘമാണ് സ്ത്രീയെ അടുത്തുള്ള പിഎച്ച്‌സിയിലേക്ക് എത്തിച്ചതെന്ന് ഡോക്ടർ പറഞ്ഞു.

Latest Videos

പ്രധാനമായും ഗർഭിണികൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് വൈദ്യസഹായം നൽകാനാണ് പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചതെന്ന് ഡോക്ടർ പറഞ്ഞു. അസം ദുരന്ത നിവാരണ അതോറിറ്റി (എഎസ്‌ഡിഎംഎ) പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം 170 മെഡിക്കൽ ടീമുകളെ അസമിൽ വിന്യസിച്ചിട്ടുണ്ട്. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതും ഈ സംഘത്തിന്‍റെ ലക്ഷ്യമാണ്. 

39,338 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. അവരിൽ 285 പേർ ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ആണ്. മോറിഗാവ് ജില്ലയിൽ ഇതുവരെ 58,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 29 ജില്ലകളിലായി 22 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചു. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 62 ആയി. മൂന്ന് പേരെ കാണാതായി.

അതേസമയം പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ പറഞ്ഞു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ദിബ്രുഗഡ് സന്ദർശിച്ച ശേഷമായിരുന്നു ശർമ്മയുടെ പ്രതികരണം. പ്രളയ സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ഒൻപത് ദിവസമായി ദിബ്രുഗഡ് മേഖലയിലെ വൈദ്യുതി വിച്ഛേദിച്ചിരിക്കയാണ്. രാജ്യത്തെ മുഴുവൻ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കാലാവസ്ഥാ വകുപ്പ് ഒരാഴ്ചത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

'മഞ്ഞപ്പിത്തം ചികിത്സയ്ക്ക് ചെലവായത് അഞ്ചേകാൽ ലക്ഷം'; രോഗം പടരുമ്പോൾ ഉപജീവനം വഴിമുട്ടിയെന്ന് വള്ളിക്കുന്നുകാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!