രണ്ട് നില പിന്നിട്ട ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Web TeamFirst Published Jul 6, 2024, 6:13 AM IST
Highlights

ലിഫ്റ്റ് നിയന്ത്രണം വിട്ട് ഏറ്റവും താഴേക്ക് വീണെങ്കിലും അകത്തുണ്ടായിരുന്ന യുവതിക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചില്ല.

ഗുരുഗ്രാം: അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ലിഫ്റ്റ് താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗുരുഗ്രാം സെക്ടർ 84ലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ബഹുനില അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്നാണ് യുവതി ലിഫ്റ്റിൽ കയറിയത്. താഴെ നിലയിലേക്കാണ് പോകേണ്ടിയിരുന്നത്. ബട്ടൺ അമർത്തി ലിഫ്റ്റ് താഴേക്ക് വരുന്നതിനിടെ ഒന്നു രണ്ട് നിലകൾ കഴി‌ഞ്ഞ ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് നേരെ അതിവേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റ് ഏറ്റവും താഴേക്ക് പതിച്ചെങ്കിലും യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Latest Videos

സംഭവത്തിന് ശേഷം അപ്പാർട്ട്മെന്റിലെ താമസക്കാർ സ്ഥലത്തു തടിച്ചുകൂടി. ഇവർ പിന്നീട് ഖേർകി ദൗല പൊലീസ് സ്റ്റേഷനിലെത്തി കെട്ടിടം നിർമിച്ച ബിൽഡർക്കും മെയിന്റനൻസ് ഏജൻസിക്കുമെതിരെ പരാതി നൽകി. എല്ലാ വർഷം ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തി പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്നും എന്നാൽ ഈ വർഷം ജൂൺ 15ന് മുമ്പ് നടക്കേണ്ട പരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്നും താമസക്കാർ ആരോപിച്ചു. കെട്ടിടത്തിൽ താമസിക്കുന്ന ജനങ്ങളുടെ ജീവൻ വെച്ചുള്ള കളിയാണ് നടക്കുന്നതെന്നും അവർ പരാതിയിൽ ഉന്നയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!