റസ്‍റ്റോറന്റിൽ ഇരുന്ന് ഭക്ഷണം ഓർഡർ ചെയ്തു, 5 മിനിറ്റ് സംസാരത്തിനിടയിൽ യുവതി ആസിഡ് ഒഴിച്ചു, യുവാവിനെ കാണാനില്ല

By Web TeamFirst Published Oct 6, 2024, 9:56 PM IST
Highlights

സംഭവം നടന്ന ഉടനെ യുവാവ് ഓടി രക്ഷപ്പെട്ടതിനാൽ ഇയാൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനും യുവതിയുടെ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനും കഴിഞ്ഞിട്ടില്ല.

ലക്നൗ: റസ്റ്റോറന്റിലിരുന്ന് സംസാരിക്കുന്നതിനിടെ യുവാവിനെ നേരെ യുവതിയുടെ ആസിഡ് ആക്രമണം. യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് യുവാവ് സ്ഥലം വിട്ടതിനാൽ ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. ഒരിക്കൽ തനിക്ക് വിവാഹ വാഗ്ദാനം നൽകിയ യുവാവ് ശേഷം പിന്നീട് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നു എന്ന് സ്ത്രീ മൊഴി നൽകി. ഇവർക്കും ശരീരത്തിൽ ആസിഡ് വീണ്  പൊള്ളലേറ്റിട്ടുണ്ട്. ചികിത്സ ലഭ്യമാക്കുന്നതായി പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ അലിഗഡിലായിരുന്നു സംഭവം. പിടിയിലായ സ്ത്രീ മറ്റൊരാളുമായി വിവാഹിതയായിരുന്നുവെന്നും ഇവ‍ർ പിന്നീട് വിവാഹമോചനം നേടിയിരുന്നുവെന്നുമൊക്കെ റിപ്പോർട്ടുകളുണ്ട്. ഹോട്ടൽ ജീവനക്കാർ നൽകിയ മൊഴി പ്രകാരം, സ്ത്രീയാണ് ആദ്യം റസ്റ്റോറന്റിലെത്തിയത്. ഇവർ ആരെയോ കാത്തിരിക്കുകയായിരുന്നു. പിന്നീട് അൽപം കഴി‌ഞ്ഞ് യുവാവുമെത്തി. ഇരുവരെ അഞ്ച് മിനിറ്റോളം സംസാരിച്ചു. തുടർന്ന് ഭക്ഷണം ഓർഡർ ചെയ്തു. അൽപനേരം കഴിഞ്ഞപ്പോഴാണ് യുവതി തന്റെ ബാഗിൽ നിന്ന് ദ്രാവക രൂപത്തിലുള്ള വസ്തു എടുത്ത് യുവാവിന് നേരെ ഒഴിച്ചത്. 

Latest Videos

പൊലീസ് എത്തുന്നതിന് മുമ്പ് യുവാവ് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പിന്നീട് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ്, യുവാവിന്റെ പേര് വിവേക് എന്നാണെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ഇയാൾ നേരത്തെ സമ്മിതിച്ചിരുന്നുവെന്നും സ്ത്രീ പറഞ്ഞത്. എന്നാൽ പിന്നീട് ഇയാൾ ഭീഷണിപ്പെടുത്താനും ബ്ലാക് മെയിൽ ചെയ്യാനും തുടങ്ങി. ഇതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് മൊഴി. യുവാവും സ്ത്രീയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും ഇവർ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് പൊതുസ്ഥലത്ത് വെച്ചു നടന്ന ആസിഡ് ആക്രമണത്തിന് എത്തിയതെന്നും അസിസ്റ്റന്റ് കമ്മീഷണർ മായങ്ക് പഥക് പറ‌ഞ്ഞു.

സംഭവം കഴിഞ്ഞ് ഉടൻ രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്നും എന്താണ് അവസ്ഥയെന്നും വ്യക്തമായിട്ടില്ല. സ്ത്രീ മൊഴി നൽകിയതു പോലെ അവരെ ബ്ലാക് മെയിൽ ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരണമെങ്കിലും യുവാവിനെ കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!