ബിജെപിക്ക് ബാലികേറാമലയായ ദക്ഷിണേന്ത്യ; കര്‍ണാടക കൊടുങ്കാറ്റിലും 2019ല്‍ സംഭവിച്ചത്

By Web TeamFirst Published Jan 23, 2024, 10:44 AM IST
Highlights

കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

ഹൈദരാബാദ്: ബിജെപിക്ക് മുന്നില്‍ എന്നും വന്‍മതിലായിരിക്കുന്ന മണ്ണാണ് ദക്ഷിണേന്ത്യ. നരേന്ദ്ര മോദി പ്രഭാവവും സൗത്തിന്ത്യയില്‍ വലിയ മാറ്റം ഇതുവരെ വോട്ടുപെട്ടിയില്‍ വരുത്തിയില്ല. ദക്ഷിണേന്ത്യയൊട്ടാകെ മേധാവിത്വം കാട്ടാന്‍ നാളിതുവരെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2019ലെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി കൊടുങ്കാറ്റ് ആഞ്ഞുവീശിയിട്ടും ദക്ഷിണേന്ത്യയൊക്കെ ഇത് ഫലിപ്പിക്കാന്‍ ബിജെപിക്കായില്ല. അതിനാല്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എന്താകും ദക്ഷിണേന്ത്യയുടെ വിധിയെഴുത്ത് എന്ന ആകാംക്ഷ ഉയരുകയാണ്. 

കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ള 130 സീറ്റുകളില്‍ 30 ഇടത്താണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ജയിച്ചത്. കര്‍ണാടകയിലെ 28ല്‍ 25 ലോക്സഭ സീറ്റുകളും നേടിയ ബിജെപിക്ക് പക്ഷേ കേരളത്തിലും ആന്ധ്രയിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കാനായില്ല. തെലങ്കാനയില്‍ എന്നാല്‍ ബിജെപിക്ക് സീറ്റുകള്‍ വിജയിക്കാനായി. അതേസമയം കേരളത്തില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. കേരളത്തിലെ 20ല്‍ 19 സീറ്റുകളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫാണ് നേടിയത്. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് ഒരൊറ്റ സീറ്റിലേക്ക് ഒതുങ്ങി. 

Latest Videos

ആന്ധ്രാപ്രദേശില്‍ 25ല്‍ 22 സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ മൂന്ന് എണ്ണമാണ് തെലുഗു ദേശം പാര്‍ട്ടി വിജയിച്ചത്. ബിജെപിക്ക് മാത്രമല്ല, ജനസേന പാര്‍ട്ടിക്കും ആന്ധ്രയില്‍ സീറ്റൊന്നും ലഭിച്ചില്ല. 28 ലോക്സഭ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ 25 ഉം ബിജെപി കൈക്കലാക്കിയപ്പോള്‍ കോണ്‍ഗ്രസും ജനതാദളും ഓരോ സീറ്റിലേക്ക് ചുരുങ്ങി. ഒരു സീറ്റ് എന്‍ഡിഎ സ്വതന്ത്രനും സ്വന്തമാക്കി. തമിഴ്നാട്ടിലെ 39ല്‍ ഡിഎംകെ 24 ഉം, കോണ്‍ഗ്രസ് 8 ഉം, സിപിഐയും സിപിഎമ്മും രണ്ട് വീതവും സീറ്റുകള്‍ നേടി. എഐഎഡിഎംകെയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും വിടുതലൈ ചിരുതൈഗള്‍ കച്ചിയും ഓരോ സീറ്റും സ്വന്തമാക്കി. തെലങ്കാനയിലാവട്ടെ 17ല്‍ 9 സീറ്റുകളില്‍ ടിആര്‍എസും മൂന്നില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും വിജയിച്ചപ്പോള്‍ ബിജെപിക്ക് 4 സീറ്റുകളാണ് ജയിക്കാനായത്. 

Read more: കേരളത്തിൽ മാത്രമല്ല; 2019ല്‍ ഈ സംസ്ഥാനങ്ങളിലും ബിജെപി പൂജ്യമായി, രണ്ടാമത് പോലുമില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!