മണാലിയിലെ അടൽ തുരങ്കത്തിന് സമീപം മഞ്ഞുമൂടിയ റോഡിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേയ്ക്ക് പാഞ്ഞു.
മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിൽ മഞ്ഞുവീഴ്ച കാണാനെത്തുന്ന സഞ്ചാരികളുടെ പേടിസ്വപ്നമായി റോഡിലെ മഞ്ഞുപാളികൾ. നിരവധി വാഹനങ്ങളാണ് മഞ്ഞുപാളികൾ കാരണം നിയന്ത്രണം നഷ്ടമായി തെന്നിനീങ്ങുന്നത്. ഇതിന്റെ ഭയാനകമായ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മണാലിയിലെ അടൽ തുരങ്കത്തിന് സമീപം മഞ്ഞുമൂടിയ റോഡിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേയ്ക്ക് നീങ്ങുന്നതിന്റെ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വാഹനം പിന്നിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അപകടം ഒഴിവാക്കാൻ ഡ്രൈവർ ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടുന്നതായി വീഡിയോയിൽ കാണാം. കാറിൻ്റെ മുൻ ചക്രത്തിൽ നിന്ന് നേരിയ വ്യത്യാസത്തിലാണ് ഡ്രൈവർ രക്ഷപ്പെട്ടത്.
മണാലിയിലെ സോളാങ് താഴ്‌വരയ്ക്ക് സമീപം കാറുകൾ അപകടകരമായി തെന്നിമാറുന്നതിന്റെ മറ്റൊരു വീഡിയോ ട്രാവൽ വ്ലോഗർ ഹംസ മുർതാസ കഴിഞ്ഞ ആഴ്ച പങ്കുവെച്ചിരുന്നു. മഞ്ഞ് നിറഞ്ഞ റോഡുകളിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതും വിനോദ സഞ്ചാരികൾ തെന്നി വീഴുന്നത് തടയാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. സാഹചര്യങ്ങൾ വളരെ കഠിനവും നിയന്ത്രണാതീതവുമാണെന്നായിരുന്നു ഡിസംബർ 9 ന് ചിത്രീകരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇൻസ്റ്റാഗ്രാമിലെ തൻ്റെ പോസ്റ്റിന് ഹംസ നൽകിയ അടിക്കുറിപ്പ്.
undefined